11 August Tuesday

സർക്കാർ ഇടപെടൽ; വായ്‌പ 6000 കോടിയാക്കി ; അടിയന്തര ചെലവുകൾക്ക്‌ വേണ്ടത്‌ 8000 കോടി

ജി രാജേഷ‌് കുമാർUpdated: Friday Apr 3, 2020

ഏപ്രിലിലെ ആദ്യദിനത്തിലെ കടപത്ര ലേലത്തിൽ കേരളത്തിനായി 6000 കോടി സമാഹരിക്കാൻ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം. ഏഴിനാണ്‌ ലേലം. നേരത്തെ കേരളത്തിന്‌ 1500 കോടിക്കായിരുന്നു ആർബിഐ വിജ്ഞാപനം. സംസ്ഥാനം പ്രതീക്ഷിച്ചത്‌ 7000 കോടിയും. ഇക്കാര്യം സംസ്ഥാന ധനവകുപ്പ്‌ കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും അടിയന്തര ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്‌, ആദ്യലേലത്തിൽത്തന്നെ കേരളത്തിന്‌  6000 കോടി അനുവദിച്ചു.

ഈവർഷം കേരളത്തിന്‌ 26,000 കോടി രൂപ കടമെടുക്കാം. ഇതിൽ 12,500 കോടി രൂപയ്‌ക്കുള്ള അനുമതി അവസാന പാദത്തിലായിരിക്കുമെന്നാണ്‌ കേന്ദ്ര നിർദേശം. ബാക്കി 13,500 കോടി എപ്പോൾ വേണമെങ്കിലുമെടുക്കാം. കോവിഡ് സൃഷ്ടിച്ച വരുമാനനഷ്ടം നികത്താൻ 12,000 കോടി രൂപയെങ്കിലും അടിയന്തരമായി ജനങ്ങളിലേക്ക്‌ എത്തിക്കണമെന്ന്‌ സംസ്ഥാനം തീരുമാനിച്ചു. 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഒറ്റയടിക്ക്‌ മുഴുവൻ തുകയും ലഭ്യമാകാത്തതിനാലാണ്‌ 8000 കോടി രൂപയുടെ അനുമതി തേടിയത്‌.

അൽപ്പാശ്വാസം മാത്രം
വായ്‌പത്തുക ഉയർത്തിയത്‌ അൽപ്പാശ്വാസം മാത്രമാണെന്ന്‌ ധന വകുപ്പിന്റെ വിലയിരുത്തൽ. ഏപ്രിലിലെ അവശ്യചെലവുകൾക്ക്‌  8000 കോടി രൂപവേണം. ശമ്പളവും പെൻഷനും വേറെയും. വിതരണം തുടങ്ങിയ സാമൂഹ്യ, ക്ഷേമ പെൻഷനുകൾക്കായി 4706 കോടി വേണം. മെഡിക്കൽ സപ്ലൈസ്‌ കോർപറേഷന്‌ അടിയന്തരമായി 300 കോടി വേണം. റബർ സബ്‌സിഡിക്കായി 80 കോടി ആവശ്യപ്പെട്ടിട്ടുണ്ട്‌. സൗജന്യ റേഷൻ വിതരണത്തിന്‌ ആദ്യഘട്ടത്തിൽ 300 കോടി നീക്കിവച്ചു. വിദ്യാഭ്യാസ വായ്‌പാ തിരിച്ചടവ്‌ സഹായപദ്ധതിക്ക്‌ 59 കോടിവേണം. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കും സ്‌റ്റൈൻെഡുകൾക്കുമായി 100 കോടി വിതരണംചെയ്യും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും അഞ്ചുലക്ഷത്തിൽത്താഴെയുള്ള ബില്ലുകൾ മാറുന്നതിന്‌ 2000 കോടി വേണം. കെഎസ്‌ആർടിസിക്ക്‌ ശമ്പളവും പെൻഷനും നൽകാൻ 100 കോടി അനുവദിച്ചു. റേഷൻ വ്യാപരികളുടെ കമീഷൻ, അങ്കണവാടികളുടെ ഉൾപ്പെടെ പോഷകാഹാര വിതരണമടക്കമുള്ള ചെലവുകളുണ്ട്‌. സർവീസിൽനിന്ന്‌ വിരമിച്ച ആയിരത്തിൽപ്പരം പേരുടെ ആനുകൂല്യ വിതരണത്തിന്‌ 250 കോടി വേണ്ടിവരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top