10 August Monday

കേന്ദ്ര ഇൻഷുറൻസ് പരിരക്ഷ : ആംബുലൻസ് ഡ്രൈവർമാർ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020


കൊച്ചി
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് ആംബുലൻസ് ഡ്രൈവർമാർ പുറത്ത്. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ചത്. ആശ വർക്കർമാർ, ശുചീകരണത്തൊഴിലാളികൾ, ആരോഗ്യമേഖലയുടെ വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്നവർ എന്നിവരെല്ലാം പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, അടിയന്തരസാഹചര്യങ്ങളിലെല്ലാം ജീവൻപോലും വകവയ്‌ക്കാതെ ജോലി ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാരെ ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

കേന്ദ്ര–-സംസ്ഥാന സർക്കാർ ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർക്കാണ് ഇൻഷുറൻസ്. പ്രീമിയും അടയ്‌ക്കേണ്ടതില്ല. "108 ആംബുലൻസ്' ഡ്രൈവർമാരാണ് കോവിഡ് രോഗികളെ ആശുപത്രികളിലടക്കം എത്തിക്കാൻ രാപ്പകലില്ലാതെ ജോലി ചെയ്യുന്നത്. 16,250 രൂപയാണ് ഇവരുടെ മാസശമ്പളം. 26 ദിവസത്തിൽ ഏതെങ്കിലും ദിവസം തൊഴിൽ മുടങ്ങിയാൽ ആനുപാതികമായി ശമ്പളവും കുറയും.  കൃത്യമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് സർക്കാർ ഇടപെട്ടശേഷമാണ് ശമ്പളം ലഭിച്ചത്.

പല സ്ഥലങ്ങളിൽനിന്നും ആശുപത്രികളിൽ എത്തിക്കുന്ന രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഡ്രൈവർമാരും നിരീക്ഷണത്തിൽ പോകേണ്ട സ്ഥിതിയുണ്ട്. ഇക്കാലയളവിൽ ശമ്പളം കിട്ടുമോ എന്ന കാര്യത്തിൽ ഡ്രൈവർമാർ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ ഇൻഷുറൻസുകൂടി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന ആവശ്യത്തിലാണ് ഡ്രൈവർമാർ.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top