23 May Thursday

രാഹുൽ ഗാന്ധിയെ തടയാൻ ശ്രമിച്ച കോൺഗ്രസ‌് നേതാവാരെന്ന‌് മുല്ലപ്പള്ളി പറയും: ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


കോഴിക്കോട‌്
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത‌് തടയാൻ കോൺഗ്രസ‌് നേതാക്കൾ ശ്രമിച്ചുവെന്നും അതിൽ  അപ്രിയ സത്യങ്ങൾ ഉണ്ടെന്ന‌ും  കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ടെങ്കിൽ അത‌് എന്താണെന്ന‌് അദ്ദേഹം തന്നെ വിശദീകരിക്കട്ടെയെന്ന‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല പ്രതികരിച്ചു.  കലിക്കറ്റ‌് പ്രസ‌് ക്ലബ്ബിന്റെ  ‘2019 ലോക‌്സഭ’ യിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

താങ്കൾ ഉൾപ്പെടെയുള്ള നേതാക്കൾ ആയിരുന്നല്ലോ  ഡൽഹിയിൽ ചർച്ച നടത്തിയതെന്നും അപ്പോൾ രാഹുലിനെ തടയാൻ ആരാണ‌് ശ്രമിച്ചതെന്ന‌് അറിയാമായിരിക്കുമല്ലോ എന്നും മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ചെന്നിത്തല ഒഴിഞ്ഞുമാറി. സ്ഥാനാർഥി നിർണയമൊക്കെ കഴിഞ്ഞ സാഹചര്യത്തിൽ അത്തരം കാര്യങ്ങൾ ഇനി ചർച്ചയാക്കേണ്ടതില്ലെന്നായിരുന്നു  മറുപടി. ചോദ്യങ്ങൾ വീണ്ടുമുയർന്നപ്പോൾ പ്രസിഡന്റിനെ നിങ്ങൾ കാണുമ്പോൾ ചോദിച്ചോളൂ;  ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹം നടത്തുമെന്നും   ചെന്നിത്തല പറഞ്ഞു.

അമേഠിയിലെ വികസനത്തെക്കുറിച്ചുള്ള  ചോദ്യത്തിന‌് യുപിയിൽ ഏറ്റവുമധികം വികസനം നടന്ന മണ്ഡലമാണ‌് അമേഠിയെന്ന‌് ചെന്നിത്തല  പറഞ്ഞു.  രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തുമെന്ന‌് ചോദിച്ചപ്പോൾ അത‌് തെരഞ്ഞെടുപ്പ‌് കഴിഞ്ഞ‌് പരിശോധിക്കുമെന്നായിരുന്നു മറുപടി. 
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിൽ വർഗീയത പറയുന്ന പ്രധാനമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ‌് ചട്ട ലംഘനമാണ‌്. കപട ദേശ സ‌്നേഹികൾക്ക‌് മാത്രമെ ഇത്തരം  പ്രസ്‌താവന നടത്താൻ സാധിക്കൂ. മതേതര ഇന്ത്യയെയാണ‌് പ്രധാനമന്ത്രി അവഹേളിച്ചത‌്. ദക്ഷിണേന്ത്യയിലേക്കുള്ള രാഹുലിന്റെ വരവ‌് ഇവിടെ ബിജെപിക്ക‌് തിരിച്ചടിയാകുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ‌് ചെയർമാൻ അഡ്വ. പി ശങ്കരൻ, അഡ്വ. പി എം നിയാസ‌്, എൻ സുബ്രഹ്മണ്യൻ എന്നിവരും കൂടെയുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top