21 August Wednesday

ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണം : ഗുരുവായൂർ മാതൃകയിലുള്ള ബോർഡിന‌് വിടാവുന്നതാണെന്ന‌് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


സ്വന്തം ലേഖകൻ
ന്യൂഡൽഹി
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഗുരുവായൂർ മാതൃകയിൽ രൂപീകരിച്ച പ്രത്യേകബോർഡിന‌് കൈമാറാവുന്നതാണെന്ന‌് സംസ്ഥാനസർക്കാർ. സാമൂതിരികുടുംബത്തിനും ക്ഷേത്രം തന്ത്രിക്കും മറ്റും പ്രാതിനിധ്യമുള്ള ബോർഡാണ‌് ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത‌്. സമാന രീതിയിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിനും ബോർഡ‌് രൂപീകരിക്കാവുന്നതാണെന്ന‌് സംസ്ഥാന സർക്കാരിന‌് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ‌്ദീപ‌് ഗുപ‌്തയും സ‌്റ്റാൻഡിങ‌് കൗൺസൽ ജി പ്രകാശും സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന‌് ഈ ആവശ്യമുന്നയിച്ച‌് വിശദമായ പദ്ധതി സമർപ്പിക്കാൻ ജസ‌്റ്റിസുമാരായ യു യു ലളിത‌്, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ ബെഞ്ച‌് സർക്കാരിനോട‌് നിർദേശിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുൻകാലങ്ങളിൽ ചില ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന‌് സുപ്രീംകോടതി നിയോഗിച്ച അമിക്കസ‌്ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യത്തിന്റെയും സ‌്പെഷ്യൽ ഓഡിറ്ററായിരുന്ന മുൻ സിഎജി വിനോദ‌് റായ‌്‌യുടെയും റിപ്പോർട്ടുകളിൽ കണ്ടെത്തലുകളുണ്ട‌്. ഈ റിപ്പോർട്ടുകൾ കോടതി തെളിവായി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, റിപ്പോർട്ടുകൾ അതേപടി സ്വീകരിക്കരുതെന്ന‌് രാജകുടുംബം ഉൾപ്പടെയുള്ള എതിർകക്ഷികൾ പറഞ്ഞു. രാജകുടുംബത്തിന്റെയും മറ്റും വാദങ്ങൾ കേൾക്കാതെയാണ‌് പ്രസ‌്തുത റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുള്ളതെന്ന‌് അവരുടെ അഭിഭാഷകർ വാദിച്ചു. റിപ്പോർട്ടുകൾ അതേപടി സ്വീകരിക്കണമെന്ന‌് ആവശ്യപ്പെടുന്നില്ലെന്നും അതിലെ ചില നിരീക്ഷണങ്ങൾ പരിഗണിക്കണമെന്നാണ‌് ആവശ്യമെന്ന‌് സർക്കാർ അഭിഭാഷകർ വിശദീകരിച്ചു. കേസിൽ സംസ്ഥാനസർക്കാർ ബുധനാഴ്ചയും വാദങ്ങൾ അവതരിപ്പിക്കും.


പ്രധാന വാർത്തകൾ
 Top