17 August Saturday

തൊടുപുഴ സംഭവം; ‘സംഘപരിവാറുകാരെ ഉപയോഗിച്ച‌് കൊല്ലുമെന്ന‌് അരുൺ ഭീഷണിമുഴക്കി’

ആർ ഹേമലതUpdated: Wednesday Apr 3, 2019

കൊച്ചി
സംഘപരിവാറുകാരായ സുഹൃത്തുക്കളെ ഉപയോഗിച്ച‌് കൊന്നുകളയുമെന്ന‌് അരുൺ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി അവൾ ഇപ്പോൾ പറയുന്നുണ്ടെന്ന‌് പീഡനത്തിനിരയായി ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ അമ്മൂമ്മ പറഞ്ഞു. ചുരുങ്ങിയത‌് അഞ്ചുപേരെ കൊല്ലാനുള്ള പദ്ധതിയുമായാണ‌് അരുൺ തൊടുപുഴയിൽ താമസിക്കാനെത്തിയത‌്.  പ്രലോഭിപ്പിച്ച‌് തന്റെ മകളെ കൂടെ കൂട്ടുന്നതിന‌ു മുമ്പുതന്നെ അരുൺ ഇതിനുള്ള തിരക്കഥ മനസ്സിൽ മെനഞ്ഞിരുന്നു. അതു നടപ്പാക്കാനാണ‌് അയാൾ കാറിൽ ചുറ്റികയും ‌സ‌്പ്രേയും കരുതിയിരുന്നതെന്ന‌് സംശയിക്കുന്നതായും അവർ ദേശാഭിമാനിയോട‌് പറഞ്ഞു.

ബിജുവിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ‌് അരുൺ. ബിജു മരിച്ചതിന‌ുശേഷം അരുണിന്റെ ഭാഗത്തുനിന്നാണ‌് ആദ്യ വിവാഹവാഗ‌്ദാനം ഉണ്ടായത‌്. മകൾ അരുണിനെ വിവാഹം ചെയ്യണമെന്ന‌് ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണ‌്. ക്രിമിനൽ പശ്‌ചാത്തലമുള്ള അയാളെ വിവാഹം ചെയ്യുന്നതിന‌് താൻ എതിരായിരുന്നു. അയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ‌്. മകളുടെ വിശ്വാസം നേടാനായി അരുൺ പലതും ചെയ‌്തു. ആദ്യവിവാഹത്തിലുള്ള മകളുടെ പേരിൽ 50 ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടിട്ടുണ്ടെന്നും അതുപോലെതന്നെ നിന്നെയും മക്കളെയും സംരക്ഷിക്കുമെന്നും മകളെ അയാൾ ബോധ്യപ്പെടുത്തി. വിശ്വാസ്യത കൂട്ടാനായി സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയ ഫ്ലാറ്റ‌് പണയത്തിന‌ുനൽകി വാങ്ങിയ 14 ലക്ഷം രൂപയിൽ ഏഴുലക്ഷം അവളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഈ പണം പിന്നീട‌് അത്യാവശ്യം പറഞ്ഞ‌് പിൻവലിപ്പിച്ചു.

നാലുമാസം മുമ്പ‌് മകൾ മക്കളെയും കൂട്ടി അരുണിനൊപ്പം പോകുകയാണെന്ന‌ു പറഞ്ഞപ്പോൾ താൻ എതിർത്തു. എന്നാൽ, ഭീഷണിപ്പെടുത്തി അരുൺ അവളെയും കുട്ടികളെയും തിരുവനന്തപുരത്തേക്ക‌് കൊണ്ടുപോയി. ഒറ്റയ‌്ക്ക‌് കാറോടിച്ചാണ‌് അവൾ പോയത‌്. ആദ്യം തൊടുപുഴയിൽ കാത്തുനിൽക്കുകയാണെന്ന‌ു പറഞ്ഞ അരുൺ രാത്രി മുഴുവൻ സ്ഥലം മാറ്റിമാറ്റി പറഞ്ഞ‌് കബളിപ്പിച്ചു. വഴിയിൽവച്ച‌ു തിരിച്ചുപോയാൽ തന്റെ സുഹൃത്തുക്കളായ സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ച‌് അവളെയും കുട്ടികളെയും കൊന്നുകളയുമെന്ന‌് ഭീഷണിപ്പെടുത്തി. കഴുത്തിൽ കത്തിവച്ചാണ‌് പലപ്പോഴും അനുസരിപ്പിച്ചിരുന്നത‌്.
അരുണിന‌് ബിജു പണം കടം നൽകിയിരുന്നു. അത‌ു തിരിച്ചുചോദിച്ചത‌് മാത്രമല്ല വിരോധത്തിന‌ു കാരണം. അരുണിന്റെ ആദ്യഭാര്യ അയാളെ ഉപേക്ഷിക്കാൻ കാരണം ബിജുവാണെന്ന‌് അയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നു. ബിജുവിനോട‌് തീരാത്ത പകയാണെന്ന‌ും അയാൾ പറഞ്ഞിരുന്നു.

മകൾ മുഖേന അരുൺ തന്റെ സഹോദരങ്ങളുടെ മക്കളോട‌് പണം കടം ചോദിപ്പിക്കുമായിരുന്നു. അരുണുമായുള്ള ബന്ധത്തെ എ‌തിർത്ത തന്റെ സഹോദരപുത്രനോടും അയാൾക്ക‌് വൈരാഗ്യമുണ്ട‌്. കുട്ടികളുടെയും തന്റെയും പേരിലുള്ള പണത്തിലും സ്വത്തിലുമായിരുന്നു അരുണിന‌് നോട്ടം. ഇതിന്റെ പേരിൽ മകളെ നിത്യവും പീഡിപ്പിക്കുമായിരുന്നു. ഭയംമൂലം അവൾ ഇതാരോടും പറഞ്ഞില്ല. സ്വമേധയാ ഇറങ്ങിപ്പോയതിനാൽ വീട്ടിലേക്ക‌് മടങ്ങിവരാനും അവൾ മടിച്ചു. ഇളയ കുട്ടിയുടെ ശരീരമാകെ മർദനത്തിന്റെ പാടുകളാണെന്നും  അവർ കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക‌ുമുമ്പ‌് അരുണിന്റെ അച്ഛൻ എറണാകുളത്ത‌് ഫ്ലാറ്റിൽനിന്ന‌ു വീണാണ‌് മരിച്ചത‌്. അതിന്റെ പിന്നിലും എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന‌് പരിശോധിക്കണമെന്നും അവർ പറഞ്ഞു.

ഏഴുവയസ്സുകാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
കോലഞ്ചേരി
അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആറാംദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ‌് ചികില്‍സ തുടരുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ആരോഗ്യസ്ഥിതി ദിവസംതോറും വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. സ്വയം ശ്വാസം എടുക്കാന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ സംഘം മന്ത്രി കെ കെ ശൈലജയോടൊപ്പം തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തി. വെന്റിലേറ്റര്‍ നീക്കിയാൽ കുട്ടിക്ക് സ്വയം ശ്വാസം എടുക്കാന്‍ ആകില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍  വെന്റിലേറ്ററിന്റെ സഹായം തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുന്നതിന്റെ തോത് ഉയര്‍ത്താനുള്ള ശ്രമം തുടരും. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരമാണ് നിലവില്‍ ചികിത്സ തുടരുന്നത്. എത്ര ദിവസം വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇവരുടേതാകും.


പ്രധാന വാർത്തകൾ
 Top