24 August Saturday

ദയനീയം, ഈ എംപി ഫണ്ട‌് വിനിയോഗം ; നാടുകാക്കാതെ കേരള കോൺഗ്രസ‌് എംപിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019



തിരുവനന്തപുരം
എംപി ഫണ്ട് വിനിയോ​ഗത്തിൽ കേരള കോൺ​ഗ്രസ‌് (എം) എംപിമാർ വൻ പരാജയം.  ജോസ് കെ മാണി കോട്ടയം എംപി സ്ഥാനം രാജിവെച്ചതിലൂടെ നാടിന്റെ വികസനത്തിനായി ഉപയോ​ഗിക്കാമായിരുന്ന രണ്ടരകോടി രൂപയാണ് പാഴായത്. 

രാജ്യസഭാ എംപിയായ ശേഷവും മാണിയുടെ മകൻ ഫണ്ട‌് വിനിയോഗത്തിൽ അലംഭാവം തുടർന്നു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി എംപി ഫണ്ടിൽനിന്ന‌് ഒരുകോടി രൂപ നൽകാൻ അനുവാദം നൽകിയിരുന്നു. എന്നാൽ ഒരു രൂപപോലും ഉപയോ​ഗിക്കാൻ ജോസ് കെ മാണി തയാറായില്ല. കേരളത്തിൽനിന്നുള്ള രാജ്യ സഭാം​ഗങ്ങളായ എം പി വീരേന്ദ്രകുമാർ, എളമരം കരീം, കെ കെ രാഗേഷ്, ബിനോയ് വിശ്വം, എ കെ ആന്റണി എന്നിവർ ഒരുകോടി രൂപ വീതം നൽകിയിരുന്നു. രാജ്യത്തെ 58 രാജ്യസഭാ എംപിമാർ ചേർന്ന് 30.77 കോടി രൂപ അനുവദിച്ചപ്പോഴാണ് ജോസ് കെ മാണി കേരളത്തിനോട് മുഖംതിരിച്ചത്.

ജോയ‌് എബ്രഹാം  16.37കോടിയും പാഴാക്കി
2012 മുതൽ 2018വരെ രാജ്യസഭ അം​ഗമായിരുന്ന കേരള കോൺ​ഗ്രസ് നേതാവ് ജോയ് എബ്രഹാമിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. രാജ്യസഭ അം​ഗമായിരുന്നു ആറുവർഷ കാലയളവിൽ നാമമാത്രമായ ഫണ്ട് വിനിയോ​ഗം മാത്രമാണ് നടത്തിയത്.

പ്രതിവർഷം അ‍ഞ്ചുകോടിവീതം 30 കോടി രൂപ ജോയ് എബ്രഹാമിന് എംപി ഫണ്ടായി ലഭിച്ചത്. അതിൽ 13.63 കോടിമാത്രമാണ് ചെലവഴിച്ചത്. എംപിയു‌ടെ നിരുത്തരവാദിത്വപരമായ  നിലപാടുകൊണ്ട് നഷ്ടമായത് 16.37 കോടിയുടെ വികസനമാണ്. ഫണ്ട് വിനിയോ​ഗത്തിൽ അമ്പേ പരാജമായ ജോയ് എബ്രഹാമിന്  17 കോടിയുടെ പദ്ധതിയ്ക്ക് മാത്രമാണ് ഭരണാനുമതി ലഭിച്ചത്. 2017--18, 2018-- 2019  സാമ്പത്തിക വർഷങ്ങളിൽ ഒരു പദ്ധതി ശുപാർശ സമർപ്പിക്കാൻ പോലും അദ്ദേഹം തയാറായില്ല. 2016--17 കാല‌ഘട്ടത്തിൽ അഞ്ച് കോടി രൂപ ഫണ്ട് ഉണ്ടെന്നിരിക്കെ 45 ലക്ഷത്തിന്റെ പദ്ധതി ശുപാർശ മാത്രമാണ്  സമർപ്പിച്ചത്.  ഫണ്ട് ഉപയോ​ഗിക്കാതിരുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം മറയി‌ടാനായി 2018 ജൂലെെ ഒന്നിന് 274 പദ്ധികളിലായി 18.49 കോടി രൂപയുടെ ശുപാർശ എബ്രഹാം സമർപ്പിച്ചു. എന്നാൽ കാലാവധി കഴിഞ്ഞതിനാൽ ഇതെല്ലാം ജില്ലാ ഭരണകൂടം നിരസിച്ചു.
 


പ്രധാന വാർത്തകൾ
 Top