26 May Sunday

മെറിറ്റിൽ പ്രവേശനം നേടിയവർക്ക‌് ബോണ്ട‌് ബാധകമല്ല: െഹെക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


കൊച്ചി
മെഡിക്കൽ വിദ്യാർഥികൾ ബോണ്ട് വ്യവസ്ഥ പാലിച്ചില്ലെന്ന കാരണത്താൽ സർട്ടിഫിക്കറ്റ‌് തടഞ്ഞുവയ‌്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിർബന്ധിത സേവന വ്യവസ്ഥ പാലിച്ചില്ലെന്ന കാരണത്താൽ കോളേജ് അധികൃതർ തടഞ്ഞുവച്ച സർട്ടിഫിക്കറ്റ‌് വിട്ടുകിട്ടാൻ മലപ്പുറം സ്വദേശിനി ഡോ. തസ്നീം താജ്, വൈക്കം സ്വദേശിനി ഡോ. ബി കെ പ്രസീത എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ‌്.

ഡോ. തസ്നീം മലപ്പുറത്തെ എംഇഎസ് മെഡിക്കൽ കോളേജിലും ഡോ. പ്രസീത കാരക്കോണം മെഡിക്കൽ കോളേജിലുമാണ് പിജി പഠനം പൂർത്തിയാക്കിയത്. സർക്കാർ മെറിറ്റ് സീറ്റിലാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്. പഠനം പൂർത്തിയാക്കി ഇവർ പിഎസ്‌സി മുഖേന സർക്കാർ സർവീസിൽ പ്രവേശിച്ചു.

എന്നാൽ ബോണ്ട് വ്യവസ്ഥയനുസരിച്ചുള്ള ഒരു വർഷത്തെ നിർബന്ധിത സേവനം അനുഷ്ഠിച്ചില്ലെന്നാരോപിച്ച് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ‌് തടഞ്ഞുവച്ചു. 
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ സർക്കാരിന്റെ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് നിർബന്ധിത സേവന വ്യവസ്ഥ ബാധകമല്ല. കോളേജുകളുമായി സീറ്റ് പങ്കിടാൻ സർക്കാരുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളും മെഡിക്കൽ പ്രവേശന വിജ്ഞാപനത്തിലെ വ്യവസ്ഥകളും മാത്രമാണ് ബാധകമെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ ഏർപ്പെടുത്താനാകില്ല.

ബോണ്ട് പ്രകാരം നിർബന്ധിത സേവനം അനുഷ്ഠിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോളേജ് അധികൃതരുടെ ആവശ്യം. ബോണ്ട് പാലിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ എംഇഎസ് മെഡിക്കൽ കോളേജ് ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രവേശന മേൽനോട്ട സമിതി തടഞ്ഞിരുന്നു. കാരക്കോണം  മെഡിക്കൽ കോളേജിൽ ഇത്തരമൊരു വ്യവസ്ഥ നിലവിൽ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top