22 July Monday

അതിജീവനം ഹൈടെക്‌ പകിട്ടിൽ; അക്ഷര വെളിച്ചം തിരികെ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍

ജോബിൻസ്‌ ഐസക്‌Updated: Sunday Mar 3, 2019

മലപ്പുറം > കംപ്യൂട്ടറിൽ വരച്ച വീടിന്റെ ചുവരിന‌് ഒറ്റ ക്ലിക്കിൽ ഇഷ്ടനിറം നൽകിയതിന്റെ ത്രില്ലിലാണ് അഭിരാജ‌്. കൂട്ടുകാരായ മുഹമ്മദിന്റെയും യാസിന്റെയും ഫാത്തിമയുടെയും ഊഴമാണ‌് അടുത്തത‌്. കീബോർഡും മൗസും വഴങ്ങുംമുമ്പേ പഠനഭാഗങ്ങൾ  കംപ്യൂട്ടറിൽ വരയ‌്ക്കാൻ ശ്രമിക്കുകയാണ‌് കുരുന്നുകൾ. കാടും മരങ്ങളും പൂവുമൊക്കെയായി അവരുടെ ഭാവന സ‌്ക്രീനിൽ വർണം വിതറുന്നു. താഴുവീണ മങ്ങാട്ടുമുറി എൽപി സ‌്കൂളിന്റെ അതിജീവനത്തിന‌് ഹൈടെക്‌ പകിട്ടാണിപ്പോൾ. പൂട്ടിയ സ‌്കൂൾ സർക്കാരിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിശ്ചയദാർഢ്യത്തിൽ തുറന്നു. കച്ചവട വിദ്യാഭ്യാസത്തിന്റെ സമ്മർദത്തിന‌ുമുന്നിൽ കേരളം തോൽക്കില്ലെന്ന പാഠം. 

ലാഭമല്ലെന്ന‌ കാരണത്താൽ സ‌്കൂൾ അടച്ചുപൂട്ടാൻ മാനേജ‌്മെന്റ‌് അപേക്ഷ നൽകുന്നത‌് 2009-ലാണ‌്. 123 കുട്ടികളും അഞ്ച‌് അധ്യാപകരും അന്നുണ്ടായിരുന്നു. 2010 മെയ‌് 21ന‌് കെട്ടിടം അടച്ചുപൂട്ടി. തന്റെ സ്വത്തിൽ അന്യരെ പ്രവേശിപ്പിക്കരുതെന്ന‌ാവശ്യപ്പെട്ട‌് മാനേജർ മഞ്ചേരി കോടതിയിൽ ഹർജിയും നൽകി. എന്നാൽ ഹർജി കോടതി തള്ളി. തുടർന്ന‌് മാനേജർ ഹൈക്കോടതിയെ സമീപിച്ചു. 2011-ൽ യുഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ സ്കൂൾ പൂട്ടാനുള്ള നീക്കത്തിന‌് ആക്കംകൂടി. ഹൈക്കോടതിയിൽനിന്ന‌് മാനേജ‌്മെന്റിന‌് അനുകൂല വിധിയുണ്ടായി. സ‌്കൂൾ പൂട്ടണമെന്ന‌് 2015 ജൂൺ ഒന്നി‌ന‌് ഡിപിഐ ഉത്തരവും വന്നു. തോൽക്കാൻ നാട്ടുകാരും കുട്ടികളും അധ്യാപകരും തയ്യാറല്ലായിരുന്നു. അക്കൊല്ലം അവർ റോഡിൽ പ്രവേശനോത്സവം നടത്തി. കേസ‌് സുപ്രീംകോടതിയിലെത്തിയെങ്കിലും വിധി മാനേജ‌്മെന്റിന‌് അനുകൂലമായി.

എല്ലാം അവസാനിച്ചുവെന്ന് കരുതിയ ഘട്ടത്തിലാണ‌് ഭരണമാറ്റം. സ‌്കൂളിനെ സംരക്ഷിക്കാൻ എൽഡിഎഫ‌് സർക്കാർ തുടക്കത്തിലേ നടപടിയാരംഭിച്ചു. 2016 ജൂൺ ഏഴിന‌്  സ‌്കൂൾ പൂട്ടി സുപ്രീംകോടതി ഉത്തരവ‌് നടപ്പാക്കിയ സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ വിദ്യാലയം ഏറ്റെടുത്തു. പ്രശ്നങ്ങളെത്തുടർന്ന‌് കുട്ടികളുടെ എണ്ണം 61 ആയി കുറഞ്ഞു. തുടർന്ന‌് രണ്ടുവർഷം സമീപത്തെ മദ്രസയിലായിരുന്നു അധ്യയനം. 2018ൽ വീണ്ടും സ്കൂളിൽതന്നെ പഠനം ആരംഭിച്ചു. അധ്യാപകരാണ‌് വായ‌്പയെടുത്ത‌് കാടുകയറിയ കെട്ടിടം നന്നാക്കിയത‌്. വൈദ്യുതീകരിച്ചു, പെയിന്റടിച്ചു, മേൽക്കൂര മാറ്റി, കംപ്യൂട്ടർ റൂമൊരുക്കി. 9.5 ലക്ഷം രൂപയാണ‌് ചെലവായത‌്. പത്തുലക്ഷം രൂപ നൽകാമെന്ന‌് പഞ്ചായത്തും സമ്മതിച്ചു. ക്ലാസ‌്മുറികളിൽ കെഎസ‌്ടിഎ ടെലിവിഷൻ നൽകി. വൈഫൈ ഇല്ലാത്തതിനാൽ ഹോട്ട‌് സ‌്പോട്ടിലൂടെയാണ‌് പഠനം. ജില്ലാ ലൈബ്രറി കൗൺസിൽ 1000 പുസ‌്തകങ്ങളുടെ ഗ്രന്ഥശാലയും ഒരുക്കി. ബ്ലോക്ക‌് പഞ്ചായത്ത‌് ടോയ‌്‌ലറ്റുകളും സ്ഥാപിച്ചു. പുതിയ കെട്ടിടം പണിയാനുള്ള പദ്ധതിയും തയ്യാറായിവരുന്നു. നിലവിൽ 75 കുട്ടികളും അഞ്ച് അധ്യാപകരുമുണ്ട‌്. 31 കുട്ടികളാണ് 2018ൽ ഒന്നാം ക്ലാസിൽ ചേർന്നത‌്. എൽഡിഎഫ‌് സർക്കാരിന്റെ ഇടപെടലിലൂടെ നാടിന്റെ അക്ഷരവെളിച്ചം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ‌് നാട്ടുകാർ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top