കൊച്ചി
സ്കൂൾപരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി വിപിൻകുമാർ റസ്തോജിയ (മിങ്കു ബാപ്പു–-70) ആണ് ബ്രൗൺഷുഗറുമായി എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്.
അറുപത് ചെറുപാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുത്തു. മില്ലിഗ്രാം തൂക്കംവരുന്ന ഒരു ചെറുപൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തർപ്രദേശിൽനിന്നാണ് ഇത് എത്തിച്ചിരുന്നതെന്ന് ചോദ്യംചെയ്യലിൽ പറഞ്ഞു.
കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന വ്യക്തിയാണിയാൾ. ‘മിങ്കു ബാപ്പു’ എന്ന പേരിലാണ് അറിയിപ്പെട്ടിരുന്നത്. മയക്കുമരുന്ന് കച്ചവടത്തിനുപിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എക്സൈസ് വ്യക്തമാക്കി.
എക്‌സൈസ് വേഷംമാറി എത്തി
മിങ്കു ബാപ്പുവിനെ പൊക്കാൻ എക്‌സൈസ് സംഘം എത്തിയത് വേഷംമാറി. സൗഹൃദം സ്ഥാപിച്ചശേഷം മയക്കുമരുന്ന് ആവശ്യപ്പെട്ടു. ബ്രൗൺ ഷുഗർ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വില പറഞ്ഞ് ഉറപ്പിച്ചശേഷം അവരെ പഠിപ്പിക്കുകയും ചെയ്‌തു. ഒടുവിൽ ഇതിനിടെ എത്തിയത് എക്സൈസാണെന്ന് മനസ്സിലാക്കിയതോടെ മിങ്കു ബാപ്പു കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി.തേവര ഡീവർ റോഡിനുസമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിൽ സ്ഥിരമായി വൈകിട്ട് മിങ്കു ബാപ്പുവിനരികിൽ യുവതീയുവാക്കൾ എത്തുന്നതായി സിറ്റി മെട്രോ ഷാഡോയ്‌ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിനും വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..