ഉദയംപേരൂർ
ഉദയംപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ റോഡ് ശുചീകരണത്തിന്റെ ബിൽ അനുവദിക്കാതെ വീണ്ടും ജോലിക്ക് എത്തിയ ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. ഓഫീസ് പ്രവർത്തനങ്ങളിലടക്കം സെക്രട്ടറി സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞദിവസം ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞദിവസം ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി എന്നിവരുമായി ചർച്ച ചെയ്തിരുന്നു. സെക്രട്ടറി ബിൽ ഒപ്പിടാന്‍ തയ്യാറാകാത്തതിനാൽ ചർച്ച പരാജയപ്പെടുകയായിരുന്നു.
പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും പദ്ധതി പ്രവർത്തനങ്ങളിലും സഹകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറി, അപേക്ഷകരിൽനിന്ന് വലിയ തുക കൈക്കൂലിയായി വാങ്ങുന്നതായി പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ചർച്ചയിൽ ആക്ഷേപം ഉയർത്തിയിരുന്നു. ഓഫീസിൽ എത്താത്ത ദിവസങ്ങളിലെ ഹാജർ സെക്രട്ടറി പിന്നീട് എത്തുന്ന ദിവസം ഒരുമിച്ച് രേഖപ്പെടുത്തുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്ന സെക്രട്ടറിയെ ഓഫീസിൽനിന്ന് അടിയന്തരമായി മാറ്റണമെന്ന് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഓഫീസിൽ എത്തിയ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റും ജനപ്രതിനിധികളും ചേർന്ന് ഉപരോധിച്ചത്.
ഉപരോധത്തെ തുടർന്ന് ഉദയംപേരൂർ പൊലീസ് സ്ഥലത്ത് എത്തി. ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് അറിയിച്ച സെക്രട്ടറിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..