13 December Friday

പേമാരിയിലും ഉരുൾപൊട്ടലിലും തകർന്നത്‌ 61,455 വീടുകൾ, ആദ്യസഹായം 22,509 വീടുകൾക്ക്‌

റഷീദ‌് ആനപ്പുറംUpdated: Monday Nov 4, 2019


 
കഴിഞ്ഞ ആഗസ്തിലെ പേമാരിയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത്‌ തകർന്നത്‌ 61,455 വീട്‌. ഇതിൽ 22,509 വീടിന്‌ നഷ്‌ടപരിഹാരം നൽകാൻ ലാന്റ്‌ റവന്യൂ കമീഷണർ അധ്യക്ഷയായ കമ്മിറ്റി തീരുമാനിച്ചു.

പൂർണമായും തകർന്നതെന്ന്‌ കണ്ടെത്തിയ 4960 വീടിന്റെ സൂപ്പർചെക്കിങ്ങിന്‌ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. തഹസിൽദാരും തദ്ദേശഭരണ അസി. എൻജിനിയറും സന്നദ്ധ പ്രവർത്തകനും ഉൾപ്പെട്ട സംയുക്ത സമിതി വീട്‌ പരിശോധിക്കും. ബാങ്ക്അക്കൗണ്ട്‌ അടക്കമുള്ള സാങ്കേതികനടപടി പൂർത്തിയായാലുടൻ 22,509 വീടിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ സഹായം കൈമാറും.

തദ്ദേശഭരണ, റവന്യൂ ഉദ്യോഗസ്ഥർ 2,20, 000 വീടുകളിൽ സംയുക്ത പരിശോധന നടത്തിയാണ്‌ പ്രാഥമികപട്ടിക തയ്യാറാക്കിയത്‌. റീബിൽഡ്‌ ആപ്പ്‌ വഴി ഫോട്ടോ അടക്കം അപ്‌ലോഡ്‌ ചെയ്‌ത വിവരങ്ങൾ ലാന്റ്‌ റവന്യൂ കമീഷണറേറ്റിലെ പ്രത്യേക സെൽ പരിശോധിക്കും. 2,20, 000 വീടുകളിൽ 95,791 എണ്ണത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും സെൽ പരിശോധിച്ചാണ്‌ 61,455 വീടിന്റെ പട്ടിക തയ്യാറാക്കിയത്‌. ബാക്കി 1,24,209 എണ്ണം പരിശോധന നടക്കുകയാണ്‌.

അനർഹരെ ഒഴിവാക്കാനാണ്‌ വിവിധതട്ടിലുള്ള പരിശോധന. 14 ശതമാനംവരെ കേട്‌ സംഭവിച്ചത്‌ ആദ്യവിഭാഗത്തിലാണ്‌. 75 ശതമാനത്തിനു മുകളിൽ കേടുള്ളവയാണ്‌ പൂർണമായി തകർന്ന ഗണത്തിൽ. ഇവ പുനർനിർമിക്കാൻ നാലുലക്ഷം രൂപയാണ്‌ നൽകുക. മറ്റു വിഭാഗത്തിൽ തരംതിരിച്ച്‌ അറ്റകുറ്റപ്പണിക്ക്‌ പണം നൽകും.

ഉരുൾപൊട്ടലും പേമാരിയും കാര്യമായി ബാധിച്ച മലപ്പുറം ജില്ലയിലാണ്‌ കൂടുതൽ വീടുകൾ തകർന്നത്‌. ഇവിടെ 6607 വീടിന്‌ സഹായത്തിനുള്ള അനുമതി നൽകി. വയനാട്‌ 3265 വീടിനും കോഴിക്കോട്‌ 2518 എണ്ണത്തിനും നഷ്‌ടപരിഹാരം നൽകും.
 


പ്രധാന വാർത്തകൾ
 Top