21 November Thursday

ഗാന്ധിജിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്യുന്നത്‌ നിന്ദ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2019


തിരുവനന്തപുരം
അധികാരസ്ഥാനത്തുള്ളവർതന്നെ ഗാന്ധിജിയുടെ ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിക്കുന്നത്‌ കണ്ടുനിൽക്കേണ്ട അവസ്ഥയിലാണിന്ന്‌ നമ്മുടെ രാജ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു. ഗാന്ധിഘാതകന് ക്ഷേത്രമുണ്ടാക്കുന്നതും ഭാരതരത്‌നം സമ്മാനിക്കാൻ മുറവിളി കൂട്ടുന്നതുമായ ലജ്ജാകരമായ അവസ്ഥയിലെത്തി നമ്മുടെ  രാജ്യം . ഗാന്ധിജിയുടെ 150–-ാം ജന്മദിനത്തിന്റെ ഭാഗമായി ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗാന്ധിജിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്യുന്നതിനേക്കാൾ വലിയ നിന്ദ്യകർമമില്ല. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ചിത്രംവച്ച നടപടി മറക്കാനാകില്ല. ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രങ്ങളുണ്ടാക്കുന്നു. ഗാന്ധിവധക്കേസിലെ പ്രതികളെ ത്യാഗികളായി വാഴ്‌ത്തുന്നു.നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ ഗാന്ധിജിയുടെ സ്വപ്‌നങ്ങളാണ്‌ കേരളം യാഥാർഥ്യമാക്കിയത്‌. ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കുകയെന്ന നവോത്ഥാന സംരംഭങ്ങളെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ  അവസാനിപ്പിക്കുക എന്ന രാഷ്ട്രീയ ഉള്ളടക്കംകൂടി നൽകി കേരളം വികസിപ്പിച്ചു. ഗാന്ധിജി  ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയടക്കമുള്ള സാമൂഹ്യമൂല്യങ്ങൾ കൂടുതൽ ജനമനസ്സുകളിലേക്ക് എത്തിക്കാനാകണം.

ഗാന്ധിജി "ദൈവത്തിന്റെ മക്കൾ' എന്നുവിളിച്ച്‌ ആദരിച്ച നിസ്വരിൽ നിസ്വരായ അധഃസ്ഥിത ജനവിഭാഗങ്ങളിൽപ്പെട്ടവരെ തെരുവിൽ ആൾക്കൂട്ടക്കൊലപാതകങ്ങളിലൂടെ ഇല്ലാതാക്കുകയാണിന്ന്‌.  "ഈശ്വർ അള്ളാ തേരേ നാം' എന്ന മതാതീതവും മനുഷ്യസ്‌നേഹപരവുമായ ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ ഏക മതാധിപത്യംകൊണ്ട് ചിലർ ഇല്ലായ്മ ചെയ്യുന്നു. ഇങ്ങനെ ഇല്ലായ്മ ചെയ്യപ്പെടുന്ന ഗാന്ധിയൻമൂല്യങ്ങളെ തിരികെപ്പിടിക്കാൻ പുനരർപ്പിക്കുക എന്നതാകണം  നമ്മുടെ ദൗത്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top