20 October Tuesday

അഞ്ച്‌ സ്കൂളുകൾകൂടി മികവിന്റെ കേന്ദ്രങ്ങളാകും

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


കൊച്ചി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച്‌ സ്കൂളുകൾകൂടി മികവിന്റെ കേന്ദ്രങ്ങളാകും. നിർമാണം പൂർത്തീകരിച്ച മൂന്ന് സ്കൂൾമന്ദിരങ്ങളും രണ്ട് സ്കൂളുകളിൽ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും ശനിയാഴ്ച രാവിലെ 9.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.

കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, തട്ടേക്കാട് ഗവ. യുപി സ്കൂൾ എന്നീ സ്കൂളുകളുടെ മന്ദിരവും കുട്ടമശേരി ഗവ. ഹൈസ്കൂൾ, വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ പുതിയ മന്ദിരത്തിന്റെ നിർമാണവുമാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക.

കിഫ്ബിയുടെ മൂന്നുകോടി രൂപ സഹായത്തോടെയാണ് കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾമന്ദിരം നിർമിച്ചത്. സെമിനാർ ഹാൾ, ലൈബ്രറി ഹാൾ, ക്യാന്റീൻ ബ്ലോക്ക്, ക്ലാസ് റൂമുകൾ, ഹയർ സെക്കൻഡറി ലാബുകൾക്ക് ആവശ്യമായ മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്‌ലറ്റുകൾ എന്നിവയാണ് നിർമിച്ചത്. പ്ലാൻ ഫണ്ടിന്റെ ഭാഗമായി -തട്ടേക്കാട് ഗവ. യുപി സ്കൂളിൽ 50 ലക്ഷം രൂപ മുടക്കിയാണ് പുതിയ മന്ദിരം പണിതത്. മൂന്ന്‌ ഹൈടെക് ക്ലാസ്റൂമുകളും ഓഫീസ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണിത്‌.

ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 49 ലക്ഷം രൂപ മുടക്കിയാണ് അക്കാദമിക് ബ്ലോക്ക് നിർമിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്‌.

കുട്ടമശേരി ഗവ. സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കിന് 2.80 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇരുനിലകളുള്ള കെട്ടിടത്തിൽ ഹൈടെക് നിലവാരത്തിലുള്ള ആറ് ഹയർ സെക്കൻഡറി ക്ലാസ്‌മുറികളുണ്ടാകും. കൂടാതെ ഓഫീസ്, സ്റ്റാഫ് റൂം സൗകര്യങ്ങളുമുണ്ട്. ആധുനിക ശുചിമുറി സംവിധാനവും ഒരുക്കും. വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബിയുടെ മൂന്നുകോടി രൂപ സഹായത്തോടെയാണ്‌ കെട്ടിടം നിർമിക്കുന്നത്‌. മൂന്നുനിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌‌ നിർമാണം.

ഇതിനുപുറമെ കിഫ്‌ബിയുടെ അഞ്ചുകോടി രൂപവീതമുള്ള സഹായത്തിൽ കഴിഞ്ഞദിവസം ജില്ലയിൽ നാല്‌ സ്‌കൂളുകൾകൂടി മികവിന്റെ കേന്ദ്രങ്ങളായി മാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top