20 October Tuesday

‘ആപ്പ്‌’വച്ച്‌ വെള്ളക്കെട്ട്‌ മാറ്റാൻ കോർപറേഷൻ ;തട്ടിപ്പെന്ന്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


കൊച്ചി
നഗരം വെള്ളത്തിൽ മുങ്ങിയതിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശവും ജനകീയ പ്രതിഷേധവും നേരിട്ട കൊച്ചി കോർപറേഷൻ, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ‌ കണ്ടെത്താൻ മൊബൈൽ ആപ്പ്‌ പുറത്തിറക്കി.  ‘ഫ്ളഡ് ഫ്രീ കൊച്ചി’ എന്ന പേരിലാണ്‌ ആപ്പ്‌ പുറത്തിറക്കിയത്‌. വെള്ളക്കെട്ട്‌ പരിഹരിക്കാൻ ഒന്നുംചെയ്യാതിരുന്ന കോർപറേഷൻ ഭരണനേതൃത്വം തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കാനാണ്‌ തട്ടിപ്പുമായി എത്തിയതെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. 

മഴ പെയ്‌താൽ കുളമാകുന്ന കൊച്ചി നഗരത്തെ വെള്ളക്കെട്ടിൽനിന്ന്‌ മുക്തമാക്കുന്നതിൽ കഴിഞ്ഞ രണ്ടുവർഷവും കോർപറേഷൻ പരാജയപ്പെട്ടെന്ന്‌ ഹൈക്കോടതി വിലയിരുത്തിയതാണ്‌. കോർപറേഷൻ പരാജയപ്പെട്ടതിനാൽ മുല്ലശേരി കനാൽ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ  ‘ബ്രേക്‌ത്രൂ’ പദ്ധതിയിൽ മതിയെന്നു കഴിഞ്ഞദിവസമാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. കലക്ടറെയാണ്‌ ഇതിനും കോടതി ചുമതലപ്പെടുത്തിയത്‌. നഗരസഭ തുടങ്ങിവച്ച പേരണ്ടൂർ–-തേവര കനാൽ നവീകരണം എങ്ങുമെത്താതെ നഗരത്തെ വെള്ളത്തിലാക്കിയതും കോടതി എടുത്തുപറഞ്ഞതാണ്‌. 

ഈ നാണക്കേടിൽനിന്ന്‌ ജനശ്രദ്ധ മറയ്‌ക്കാനാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ വെള്ളക്കെട്ടുസ്ഥലം നഗരസഭയെ അറിയിക്കാനുള്ള ആപ്പ്‌ അവതരിപ്പിക്കുന്നതെന്ന്‌ പ്രതിപക്ഷം പറഞ്ഞു. നഗരത്തിൽ കോവിഡ്‌ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ അടിയന്തരമായി ആരംഭിക്കാൻപോലും തയ്യാറാകാത്ത കോർപറേഷനാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആപ്പുമായി രംഗത്ത്‌ വരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top