31 October Saturday

ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


സ്വന്തം ലേഖകൻ
രാജ്യത്തെ നിയമവാഴ്‌ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്‌ ഗാന്ധിജയന്തി ദിനമായ വെള്ളിയാഴ്‌ച ലോക്കൽകേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സിപിഐ എം ആഭിമുഖ്യത്തിൽ വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെയാണ്‌ സംഗമം. കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ്‌ പരിപാടിയെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസിലെ പ്രതികളെ വിട്ട, സിബിഐ കോടതി വിധി നിയമവാഴ്‌ചയുടെ തകർച്ചയാണ്‌ കാട്ടുന്നത്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തത്‌ നിയമവിരുദ്ധമാണെന്ന്‌ ഭരണഘടനാ ബഞ്ച്‌ പ്രഖ്യാപിച്ചതാണ്‌. ഉന്നത നീതിപീഠത്തിന്റെ നിലപാടിനെ പരോക്ഷമായി റദ്ദ്‌ ചെയ്യുന്നതാണ്‌ സിബിഐ കോടതി വിധി.

തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക്‌ കഴിഞ്ഞില്ല എന്ന കോടതിനിരീക്ഷണവും ഗൗരവമാണ്‌. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്ന രീതി എല്ലാ പരിധികളും ലംഘിച്ചു. നിയമവാഴ്‌ചയെയും നീതിന്യായ സംവിധാനത്തെയും തകർക്കുകയാണ്‌ ഈ വിധി.

നിയമനിർമാണസഭയെയും കേന്ദ്രസർക്കാർ നോക്കുകുത്തിയാക്കി. പ്രാഥമിക പാർലമെന്ററി ചട്ടങ്ങൾപോലും പാലിക്കാതെയാണ്‌ കർഷക ബില്ലുകൾ പാസാക്കിയെടുത്തത്‌. വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശം അടിച്ചമർത്തി. വിയോജിപ്പുകൾ പരസ്യമായി പുറത്ത്‌ പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചു.

ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്‌ എന്ന അടിസ്ഥാനശിലയെ അട്ടിമറിച്ച്‌ മതാത്മക ഏകാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോഡി സർക്കാരിന്റെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കണം. ഭയപ്പെടുത്തി കീഴടക്കുക എന്ന തന്ത്രത്തിന്‌ പല പാർടികളും വിധേയപ്പെടുന്നതും ഗൗരവതരമാണ്‌. മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ജീവൻ നൽകിയ ഗാന്ധിജിയുടെ ജന്മദിനത്തിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ ജനാധിപത്യ വിശ്വാസികൾ കണ്ണിചേരണമെന്ന്‌ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top