22 October Thursday

അരലക്ഷം തൊഴിലുകള്‍ ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


സ്വന്തം ലേഖകൻ
ഓരോ മേഖലയിൽ എത്രപേർക്ക്‌ ഏതെല്ലാം മാർഗത്തിലൂടെ തൊഴിൽ നൽകുമെന്ന കൃത്യമായ കണക്ക്‌ നിരത്തിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിനംകൊണ്ട് അരലക്ഷം പേർക്ക്‌ തൊഴിൽ സൃഷ്ടിക്കാനുള്ള  ചരിത്രതീരുമാനം പ്രഖ്യാപിച്ചത്‌.

സർക്കാർ, അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾവഴി 18,600 പേർക്കാണ്‌ തൊഴിൽനൽകുക. ഹയർ സെക്കൻഡറി സ്കൂളുകളിൽ 425 തസ്തികയും എയ്‌ഡഡ് കോളജുകളിൽ 700 തസ്തികയും പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികയും സൃഷ്ടിക്കും. എയ്‌ഡഡ് സ്കൂളുകളിൽ 6911 തസ്തികയിലെ നിയമനം ക്രമവൽക്കരിക്കും. നിയമന ശുപാർശ കിട്ടിയിട്ടും ജോലിക്ക് ചേർന്നിട്ടില്ലാത്ത 1632 പേരുമുണ്ട്. എല്ലാം ചേർത്ത് വിദ്യാഭ്യാസമേഖലയിൽ 10,968 പേർക്ക്‌ തൊഴിൽ നൽകും.

മെഡിക്കൽ കോളജുകളിൽ 700 തസ്തികയും പൊതു ആരോഗ്യ സംവിധാനത്തിൽ 500 തസ്തികയും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1000 ജീവനക്കാർക്ക് താൽക്കാലിക നിയമനം നൽകും.പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി  500 പേരെ നിയമിക്കും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1717 പേർക്കും തൊഴിൽ ലഭ്യമാക്കും.

5000 നിയമനത്തിന് പിഎസ്‌സി
പിഎസ്‌സിവഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം. എല്ലാ ഒഴിവും പിഎസ്‌സിക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിന്‌ കർശന നിർദേശം  നൽകി.

ഫിനാൻസ്, നിയമം, പേഴ്സണൽ ആൻഡ്‌ അഡ്മിനിസ്ട്രേഷൻ വകുപ്പുകൾ എന്നിവരുടെ സ്ഥിരം സമിതി രൂപീകരിച്ച് കെട്ടിക്കിടക്കുന്ന മുഴുവൻ സ്പെഷ്യൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകും.

വികസന കോർപറേഷനുകൾ തൊഴിൽ നൽകും
പിന്നോക്ക വികസന കോർപറേഷന് 650 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരന്റി നൽകിയത്‌ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത്‌ നൂറു ദിവസംകെണ്ട്‌ 3060 തൊഴില്‍ സൃഷ്ടിക്കും. 400 വനിതാ സംരംഭകർക്ക് സഹായം, 75 പ്രവാസികൾക്ക് റിട്ടേൺ വായ്പ,1125 മറ്റു സ്വയം തൊഴിൽ വായ്പാ സംരംഭങ്ങൾ, 50 വിധവകൾക്കുള്ള സഹായമടക്കം 1660 സംരംഭകർക്കാണ് സഹായം നൽകും. ഇതുവഴി 3060 തൊഴിലവസരം.

വനിതാ വികസന കോർപറേഷന് 740 കോടിയുടെ വായ്പയ്ക്കുള്ള ഗ്യാരന്റി നൽകി. 1200 പേർക്ക് സ്വയം തൊഴിലിന് വായ്പ. 50 പട്ടികവർഗ സ്ത്രീകൾക്കും 15 ട്രാൻസ് ജെൻഡേഴ്സിനും വായ്പ നൽകും. വിദേശത്ത് ജോലി ചെയ്യാന്‍ 90 നേഴ്സുമാർക്ക് വിദഗ്ധ്യപരിശീലനം. മൊത്തം 2920 തൊഴില്‍.  കേരള ഫിനാൻഷ്യൽ കോർപറേഷൻ 500 സംരംഭകർക്ക് മൂന്നു മാസംകൊണ്ട് വായ്പ നൽകുന്നു. 2500 പേർക്ക് തൊഴിൽ ലഭിക്കും.

തീരദേശ വികസന കോർപറേഷനു കീഴിലുള്ള മത്സ്യസംസ്കരണ യൂണിറ്റുകളിലും ഓൺലൈൻ മാർക്കറ്റിങ്‌ സംരംഭങ്ങളിലൂടെയും 150 പേർക്ക് തൊഴിൽ. പട്ടികജാതി വികസന കോർപറേഷൻ 100 കോടി രൂപ അടങ്കലുള്ള സംരംഭകത്വ വികസന പദ്ധതി നടപ്പാക്കും. ഇതിൽ 100 ദിവസംകൊണ്ട് 1308 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയും.

വികലാംഗ ക്ഷേമ കോർപറേഷന്റെ കൈവല്യ പദ്ധതിയിൽ 7000ൽപ്പരം അപേക്ഷയുണ്ട്. ഇവ ജില്ലാതല സമിതികൾ അടിയന്തരമായി പരിശോധിച്ച് അർഹരായ എല്ലവർക്കും അംഗീകാരം നൽകും. 5000 പേർക്കെങ്കിലും ഇതുവഴി തൊഴിൽ ലഭിക്കും.

സംരംഭകത്വ പ്രോത്സാഹനത്തിന്‌ ഊന്നൽ
അരലക്ഷം പേർക്ക്‌ തൊഴിൽ ലഭ്യമാക്കാൻ സംരംഭകത്വ പദ്ധതികൾ പ്രോത്സാഹനം. 8000 കോടിയെങ്കിലും വായ്പയായും സബ്സിഡിയായും സംരംഭകർക്ക്‌ ലഭ്യമാക്കുന്നുണ്ട്.

തൊഴിൽ ഹബ്ബാകാന്‍ പൊതുമേഖല
സംസ്ഥാനത്തെ 42 പൊതുമേഖലാ സ്ഥാപനത്തിൽ 1178 സ്ഥിരം നിയമനവും 342 താൽക്കാലിക നിയമനവും 241 കരാർ നിയമനവും അടക്കം 1761 നിയമനം ഉണ്ടാകും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപറേഷനിൽ 241 നിയമനം നടക്കും.കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ ടൈറ്റാനിയം, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയിൽ 766 നിയമനം. 

കെഎസ്‌എഫ്‌ഇയിൽ പിഎസ്‌സിവഴി 1000 പേർക്ക്  നിയമനം നൽകും.പുതിയ ഹോംകോ ഫാക്ടറിയില്‍‌ 150 തസ്തിക. സഹകരണവകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം, താൽക്കാലിക നിയമനം. കേരഫെഡിന്റെ ആറ്‌ സ്ഥാപനത്തില്‍ 348 നിയമനം.

ചെറുകിട സംരംഭങ്ങൾ താങ്ങാകും
സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ രണ്ടാംപാദത്തിൽ ചുരുങ്ങിയത് 2400 യൂണിറ്റും 7200 തൊഴിലവസരവും ജില്ലാ വ്യവസായ കേന്ദ്രങ്ങൾവഴി സൃഷ്ടിക്കും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ 4053 ആളുകൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ അനുമതി നൽകി. ഇതുവഴി ചുരുങ്ങിയത് 6000 പേർക്ക് തൊഴിൽ.

കശുവണ്ടിയും കയറും
കശുവണ്ടിവ്യവസായത്തിൽ കാപ്പെക്സിലും കോർപറേഷനിലുമായി 3000 തൊഴിലാളികളെ 100 ദിവസത്തിനുള്ളിൽ പുതുതായി ജോലിക്കെടുക്കും.100 യന്ത്രവൽക്കൃത ഫാക്ടറി കയർവ്യവസായത്തിൽ തുറക്കും. പുതുതായി 500 പേർക്കെങ്കിലും അധികജോലി ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി 2000 പേരെക്കൂടി സിവിൽ സപ്ലൈസ് കോർപറേഷൻ വഴി നിയമിക്കും.

കരുത്തുപകർന്നത്‌ സഹകരണമേഖല
പ്രതിസന്ധി ഘട്ടത്തിൽ സഹകരണമേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും കരുത്ത്‌ പകരുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  സഹകരണമേഖലയിലൂടെ 17,500 തൊഴിലവസരമാണ് സൃഷ്ടിക്കുക. 13000ൽപ്പരം അവസരം പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകർക്ക്‌ നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ സഹകരണമേഖലയ്ക്ക് 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും.

100 നാളികേര സംസ്കരണ യൂണിറ്റിലായി 1000 പേർക്കും 750 പച്ചക്കറി സംഭരണ വിൽപ്പനകേന്ദ്രത്തിലായി 1500 പേർക്കും തൊഴിൽ നൽകും. കൺസ്യൂമർ ഫെഡ് (1000), മാർക്കറ്റ് ഫെഡ് (12), വനിതാ ഫെഡ് (174), റബർ മാർക്ക് (36), എസ്‌സി/എസ്ടി ഫെഡ് (28) എന്നിങ്ങനെ 1250 തൊഴിലവസരം സൃഷ്ടിക്കും.സഹകരണമേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരം സൃഷ്ടിക്കും. മത്സ്യഫെഡിന്റെ  സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top