20 October Tuesday

ഓപ്പൺ കോഴ്‌സെല്ലാം ഒരുകുടക്കീഴിൽ ; പ്രവേശനം ഈ വർഷം തന്നെ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


സംസ്ഥാനത്തെ ആദ്യ ഓപ്പൺ  സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഗാന്ധിജയന്തി ദിനത്തിൽ യാഥാർഥ്യമാകും‌.  സംസ്ഥാനത്തിന്റെ  വിദ്യാഭ്യാസമേഖലയ്‌ക്ക്‌ മുതൽക്കൂട്ടായ സർവകലാശാലയിലേക്കുള്ള പ്രവേശനം ഈ വർഷംതന്നെ ആരംഭിക്കും. പ്രവേശനം പൂർണമായും ഓൺലൈനിലാണ്‌.

കോഴ്‌സുകൾ യോജിപ്പിക്കും
നിലവിൽ കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ  സർവകലാശാലകളുടെ  വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രങ്ങൾ സംയോജിപ്പിച്ചാണ്‌ ഓപ്പൺ സർവകലാശാല.

കേരള, എംജി എന്നിവിടങ്ങളിലെ പ്രൈവറ്റ്‌ രജിസ്‌ട്രേഷനും കേരള, കാലിക്കറ്റ്‌‌, കണ്ണൂർ എന്നിവിടങ്ങളിലെ  വിദൂരവിഭ്യാഭ്യാസവും ‌ സർവകലാശാലയ്ക്ക്‌ കീഴിലാകും‌. അവയിലേക്കുള്ള  പ്രവേശനം ഓപ്പൺ സർവകലാശാലയാകും നടത്തുക.  ഇവിടെ നിലവിലുള്ള വിദ്യാർഥികൾ ഓപ്പൺ സർവകലാശാലയ്ക്ക്‌ കീഴിലാകും. നിലവിലുള്ള കേന്ദ്രങ്ങൾ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളാകും. ജീവനക്കാരും ഓപ്പൺ സർവകലാശാലയുടെ ഭാഗമാകും. പിന്നീട്‌ കേരളത്തിലെ മറ്റൊരു സർവകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനാകില്ല.

കോഴ്‌സുകൾ
നിലവിലുള്ള സർവകലാശാലകളുടെ അക്കാദമിക്‌ കൗൺസിൽ തീരുമാനിക്കുന്ന  കോഴ്‌സുകൾ തന്നെയാണ്‌  തുടരുക. അത്‌ ഓപ്പൺ സർവകലാശാലയുടെ അക്കാദമിക്‌ കൗൺസിലിന്റെ ഭാഗമായി മാറുകയാണ്‌ ചെയ്യുന്നത്‌. അധ്യാപകരും കൗൺസിൽ അംഗങ്ങളും പുതിയ സർവകലാശാലയുടെ  ഭാഗമായി തുടരും. പുതിയ കോഴ്‌സ്‌ അതത്‌ സർവകലാശാലകൾക്ക്‌ തീരുമാനിക്കാം. തൊഴിൽ അധിഷ്ഠിത കോഴ്‌സ്‌, സ്ത്രീകൾ, പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കെല്ലാം കൂടുതൽ പ്രയോജനകരമാകുന്ന  കോഴ്‌സ്‌ കൊണ്ടുവരും. 

കൗൺസിൽ
വൈസ്‌ ചാൻസലർ, പ്രൊ വൈസ്‌ ചാൻസലർ തുടങ്ങിയവരെ ഉടൻ തീരുമാനിക്കും. അക്കാദമിക്‌ കൗൺസിൽ, എക്‌സിക്യൂട്ടീവ്‌ കൗൺസിൽ തുടങ്ങിയവ ഉടൻ രൂപീകരിക്കും.    സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചതിനുശേഷം യുജിസിയുടെ  അംഗീകാരം ലഭിച്ചാൽ മതിയാകും. ആദ്യ ബാച്ച്‌ പഠനം പൂർത്തിയാക്കുമ്പോഴേക്കും  അംഗീകാരം ലഭ്യമാകും.

നിലവിൽ വിദൂര സർവകലാശാലയിൽ പഠിക്കുന്ന രണ്ടര ലക്ഷത്തോളം വിദ്യാർഥികളെ കൂടാതെ 30,000 വിദ്യാർഥികൾക്കുകൂടി ഉപരിപഠനം സാധ്യമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top