12 November Tuesday

പാലാരിവട്ടം മേൽപ്പാലത്തിന്റെ ടെൻഡർ തിരുത്തിയത്‌ നിസ്സാരമായി കാണാനാകില്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019


കൊച്ചി
നിർമാണ കമ്പനിയെ സഹായിക്കാൻ പാലാരിവട്ടം മേൽപ്പാലത്തിന്റെ ടെൻഡറും രജിസ്റ്ററും തിരുത്തിയതായി വിജിലൻസ്‌ ഹൈക്കോടതിയിൽ. തിരുത്തിയെന്ന്‌ സംശയമുണ്ടെന്നും ഇക്കാര്യം നിസാരമായി കാണാനാകില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. മേൽപ്പാലം നിർമാണ അഴിമതിക്കേസിലെ പ്രതികളായ  ടി ഒ സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് വിജിലൻസ്‌ വാദവും കോടതി നിരീക്ഷണവും.  കരാറുകാരന്‌ മുൻകൂർ തുക നേരിട്ടു നൽകിയത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ട്‌സ്‌ ലിമിറ്റഡിനെ സഹായിക്കാൻ മുൻകൂറായി കോടികൾ അനുവദിച്ചുവെന്ന്‌ നേരത്തെ വിജിലൻസ്‌ കണ്ടെത്തി. ഇതിനു പിന്നാലെയാണ്‌ ഇവർക്ക്‌ ടെൻഡർ ലഭിക്കാൻ രേഖകൾ തിരുത്തിയതായി വിജിലൻസ്‌ വെളിപ്പെടുത്തിയത്‌.

ആർഡിഎസിന്‌ തന്നെ നിർമാണചുമതല നൽകാനാണ്‌ ടെൻഡറും രജിസ്റ്ററും തിരുത്തിയതെന്ന്‌    സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എ രാജേഷ് കോടതിയെ അറിയിച്ചു.  ആർഡിഎസ് 47.68 കോടിയുടെ ടെൻഡറാണ് നൽകിയത്‌. 42 കോടിയുടെ ടെൻഡർ നൽകിയ ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയെ മറികടക്കാൻ രേഖകൾ തിരുത്തി.  42 കോടി രൂപ മാത്രം ക്വോട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്‌ഷനാണ് നിർമാണ അനുമതി കിട്ടേണ്ടിയിരുന്നത്‌. ഇവരെ ഒഴിവാക്കാൻ ടെൻഡർ തുക പറയുന്ന പേജിന്റെ അടിയിൽ 13.43 ശതമാനം റിബേറ്റ് കൂടി എഴുതിച്ചേർത്ത് ആർഡിഎസിന്റെ തുക 41.27 കോടി രൂപയായി കുറച്ചു. ടെൻഡർ തുറക്കുമ്പോൾ തുക രേഖപ്പെടുത്തുന്ന രജിസ്റ്ററിലും തിരുത്തുണ്ട്‌. ടെൻഡർ രജിസ്റ്ററിൽ മറ്റു കമ്പനികളുടെ തുക രേഖപ്പെടുത്തിയ കൈയക്ഷരത്തിലല്ല ആർഡിഎസിന്റെ വിവരങ്ങളുള്ളത്‌.  

സാങ്കേതിക, ഭരണ അനുമതികൾ പ്രകാരം പാലത്തിന്റെ രൂപരേഖ തയ്യാറാക്കേണ്ടത് റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷനാണ്‌ (ആർബിഡിസികെ). ഈ വ്യവസ്ഥ മാറ്റണമെങ്കിൽ സർക്കാരിന്റെ അനുമതി വേണമെങ്കിലും അതുണ്ടായില്ല. ആർഡിഎസിനുവേണ്ടി മേൽപ്പാലത്തിന്റെ രൂപരേഖയുണ്ടാക്കിയ ബംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസിയുടെ മുൻ പ്രവർത്തനവിവരം ടെൻഡറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത്തരം വിവരങ്ങളില്ലെങ്കിൽ ടെൻഡർ തള്ളണമെന്നാണ് വ്യവസ്ഥ. എന്നാൽ ആർബിഡിസികെ അത്‌ ചെയ്‌തില്ല. ഇത് കിറ്റ്കോയും അംഗീകരിച്ചു. ജാമ്യഹർജികൾ കൂടുതൽ വാദത്തിനായി വ്യാഴാഴ്‌ചയിലേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top