15 November Friday

പരാജയഭീതിയിൽ വോട്ടുകച്ചവട ആരോപണം

പ്രത്യേക ലേഖകൻUpdated: Wednesday Oct 2, 2019

തിരുവനന്തപുരം > ഉപതെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്റെ ചിത്രം കൂടുതൽ തെളിഞ്ഞതോടെ ‘പാലാ പേടി’ യുഡിഎഫ്‌ നേതൃത്വത്തെ വേട്ടയാടാൻ തുടങ്ങി. സിപിഐ എം–-ബിജെപി വോട്ടുകച്ചവടമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ഇതിന്റെ തെളിവാണ്‌. തെളിവ്‌ തന്റെ കൈവശമുണ്ടെന്നാണ്‌ മുല്ലപ്പള്ളിയുടെ വെല്ലുവിളി. ഇത്‌ ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ തിരിച്ചുവെല്ലുവിളിച്ചു. രണ്ട്‌ വോട്ടിനും ഒരു സീറ്റിനുംവേണ്ടി എന്ത്‌ ചെറ്റത്തരവും കാണിക്കുന്ന പാർടിയല്ല സിപിഐ എം എന്ന മുഖ്യമന്ത്രിയുടെ കർക്കശമായ ഓർമപ്പെടുത്തൽ ശ്രദ്ധേയമായി.

പ്രചാരണ രംഗം ചൂടുപിടിക്കുമ്പോൾ നിഴലിനെ പോലും ഭയപ്പെടുന്ന സ്ഥിതിയിലാണ്‌ കോൺഗ്രസ്‌ എന്ന്‌ വ്യക്തമാവുകയാണ്‌. വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസ്‌ നിലംതൊടില്ലെന്ന്‌ പ്രചാരണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ കോൺഗ്രസ്‌ നേതൃത്വത്തിന്‌ സൂചന കിട്ടിയെന്ന്‌ കരുതണം. ഈ രണ്ട്‌ മണ്ഡലങ്ങളിൽ സിപിഐ എം–-ബിജെപി വോട്ടുകച്ചവടത്തിന്‌ ധാരണയെന്നാണ്‌ ആരോപണം. കോന്നിയിലെ സ്ഥാനാർഥി നിർണയ വിവാദത്തിൽ കുരുക്കിലായ കോൺഗ്രസിന്‌ ഇതുവരെ കരകയറാനായിട്ടില്ല. വട്ടിയൂർക്കാവിൽ ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ച എൻ പീതാംബരക്കുറുപ്പും മോഡി സ്‌തുതിയിൽ വിവാദത്തിലായ ശശി തരൂർ എംപിയും യുഡിഎഫ്‌ കൺവൻഷൻ ബഹിഷ്‌കരിച്ചതും തിരിച്ചടിയായി.

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഫലത്തിൽനിന്ന്‌ യുഡിഎഫിന്‌ പലതും പഠിക്കാനുണ്ടെന്നാണ്‌ വി എം സുധീരൻ ചൊവ്വാഴ്‌ച പറഞ്ഞത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top