18 October Friday

പാലാരിവട്ടം മേൽപ്പാലം : അഴിമതിയുടെ അടിവേര്‌ കണ്ടെത്തണം: കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

ടി ഒ സൂരജിനെയും മറ്റു പ്രതികളെയും മൂവാറ്റുപുഴ വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടപ്പോൾ


പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്റെ മറവിൽ നടന്ന അഴിമതിയുടെ അടിവേര്‌ കണ്ടെത്തണമെന്ന്‌ വിജിലൻസ്‌ കോടതി. ഇതിനായി ശക്തമായ അന്വേഷണം വേണമെന്നും മൂവാറ്റുപുഴ വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി  ബി കലാം പാഷ ഉത്തരവിൽ പറഞ്ഞു. അറസ്‌റ്റിലായ പൊതുമരാമത്ത്‌ മുൻ സെക്രട്ടറി ടി ഒ സൂരജ്‌ ഉൾപ്പെടെ നാലു പ്രതികളുടെ കസ്‌റ്റഡി അനുവദിച്ച്‌  നൽകിയ ഉത്തരവിലാണിത്‌.

സാധാരണക്കാരുടെ ജീവനും സ്വത്തും അപകടത്തിലാക്കിയ ഗൗരവമുള്ള വിഷയമാണിത്‌. ലഘുവായി കാണാനാകില്ല. അഴിമതി നാടിന്റെ നട്ടെല്ല്‌ തകർക്കും. പ്രാഥമികാന്വേഷണമാണ്‌ നടന്നിട്ടുള്ളത്‌. അഴിമതിയുടെ വ്യാപ്‌തി കണ്ടെത്താൻ ശക്തമായ അന്വേഷണം വേണം. പ്രതികളുടെ പങ്ക്‌ കണ്ടെത്താൻ ഓരോരുത്തരുടെയും സാമ്പത്തികസ്രോതസ്സ്‌ പരിശോധിക്കണം. പിടിച്ചെടുത്ത 147 രേഖകളും പ്രതികളുടെ സാന്നിധ്യത്തിൽ അവരുടെ സ്‌റ്റേറ്റ്‌മെന്റുമായി തട്ടിച്ച്‌ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ്‌ ഡയറി കോടതി വിശദമായി പരിശോധിച്ചെന്നും തുടരന്വേഷണത്തിന്‌ പ്രതികളുടെ കസ്‌റ്റഡി അനിവാര്യമാണെന്ന്‌ ബോധ്യപ്പെട്ടെന്നും കോടതി പറഞ്ഞു.

ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ ലഭിച്ച സാമ്പിൾ പരിശോധനാ ഫലത്തിലെ കണ്ടെത്തലുകളും ഉത്തരവിൽ പ്രത്യേകം പരാമർശിച്ചു. പത്ത്‌ സാമ്പിളുകളിൽ എട്ടും നിശ്‌ചിത നിലവാരത്തിലും താഴെയാണെന്നായിരുന്നു പരിശോധനാഫലം.

പൊതുമരാമത്ത്‌ മുൻ സെക്രട്ടറി ടി ഒ സൂരജ്‌, കരാർ കമ്പനി എംഡി സുമിത്‌ ഗോയൽ, ആർബിഡിസികെ മുൻ അഡീഷണൽ ജനറൽ മാനേജർ എം ടി തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ്‌ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെയാണ്‌ വ്യാഴാഴ്‌ചവരെ മൂന്നുദിവസത്തേക്ക്‌ വിജിലൻസ്‌ കസ്‌റ്റഡിയിൽ വിട്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top