24 February Sunday

ഒരുമനസ്സായി നാടിനുവേണ്ടി ഒന്നിച്ചു; പ്രകാശം പരത്തി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

കാക്കനാട് > വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നാളെ ക്ലാസ്സുകളിലെത്തുന്നത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ അനുഭവ സമ്പത്തുമായാണ്. തക്ഷക് 2018 എന്ന പേരില്‍ രാജ്യത്തെ വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് ടെക് ഷോ നടത്താനിരുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ്  കോളേജിലെ വിദ്യാര്‍ത്ഥികളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ കോള്‍ ഫോര്‍ വോളന്റിയേഴ്‌സ് എന്ന വാട്ട്‌സ്അപ് കൂ്ട്ടായ്‌മയിലൂടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സേവനത്തിനിറക്കിയത്.

ട്രോള്‍ കെ.ടി.യു എന്ന രണ്ട് ലക്ഷം അംഗങ്ങളുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഫെയ്സ് ബുക്ക് കൂട്ടായ്‌മയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. തിരുവനന്തപുരം ലൂര്‍ദ്ദ്മാതാ എഞ്ചിനീയറിംഗ് കോളേജ്, മാതാ എഞ്ചിനീയറിംഗ് കോളേജ് നോര്‍ത്ത് പറവൂര്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേര്‍ത്തല, കോഴിക്കോട്, കൊല്ലം തുടങ്ങി വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചത്.

ഈ മാസം 28, 29 തീയതികളില്‍ നടത്താനിരുന്ന വാര്‍ഷിക ടെക് ഷോ നവംബര്‍ ആദ്യ വാരത്തില്‍ നടത്തും. പുതിയ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ അടി്സ്ഥാനമാക്കിയാണ് ടെക് ഷോ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയവുമായി പത്താം ക്ലാസ് മുതലുള്ള കുട്ടികളില്‍ നിന്നു മുതല്‍ ആശയ ശേഖരണം ഇവര്‍ ലക്ഷ്യമിടുന്നു. കുരുന്നു മനസ്സുകളിലും ഗംഭീര ആശയങ്ങളുണ്ടാകുമെന്നാണ് തക്ഷക് 2018 സംഘത്തിന്റെ വിലയിരുത്തല്‍.

25 ലക്ഷം രൂപ ചെലവ് വരുന്ന ടെക് ഷോയ്ക്ക് ദുരന്ത സാഹചര്യത്തില്‍ സ്പോണ്‍സര്‍മാരെ തിരക്കി പോകുന്നത് അനൗചിത്യമാണെന്ന് പറയുന്ന തക്ഷക് സംഘം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊണ്ട് പ്രളയത്തിന്റെ ആഴങ്ങളില്‍ നിന്നും പുതിയ ഉയരങ്ങളിലെത്തുമെന്ന പ്രഖ്യാപനമായിരിക്കും നവംബറിലെ തങ്ങളൊരുക്കുന്ന ടെക് ഷോ എന്ന് പറയുന്നു. ആഗസ്റ്റ് 15ന് ഇവരുടെ കോളേജ് ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറിയതും. ദുരിതാശ്വാസ ക്യാമ്പ്  സജ്ജീകരിച്ചതുമെല്ലാം കുട്ടികളെ സ്വാധീനിച്ചു.

തങ്ങള്‍ക്കും എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹവുമായി അഞ്ച് വിദ്യാര്‍ത്ഥികളുമായി 22ാം തീയതിയാണ് ഇവര്‍ പറവൂര്‍ കവലയില്‍ സേവനത്തിനിറങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇത് 500 പേരുടെ കൂ്ട്ടായ്മയായി ഉയര്‍ന്നു. തൃക്കാക്കരയിലെയും കെ.ബി.പി.എസിലും പ്രവര്‍ത്തിക്കുന്ന കിറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി ദിവസേന 60 വിദ്യാര്‍ത്ഥികളെ ഇവരുടെ വാട്ട്‌സ് അപ് കൂട്ടായ്മ സേവനത്തിനെത്തിച്ചിരുന്നു. കേരള ടെക്നിക്ക്ല്‍ യൂണിവേഴ്സിറ്റി കഴിഞ്ഞ മാസം 26ന് സേവനത്തിനെത്തുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പ്രശ്യാപിച്ചത് സേവനരംഗത്തേക്ക് കൂടുതല്‍ പേര്‍ എത്താന്‍ കാരണമായെന്ന് പറയുന്നു ഇവര്‍. തങ്ങളുടെ പ്രവര്‍ത്തനം അതിന് മുന്നേ നിസ്വാര്‍ത്ഥമായി തുടങ്ങിയതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യവും സമയവും ചെലവഴിച്ച് നടത്തിയ സേവനപ്രവര്‍ത്തനങ്ങളില്‍ നിന്നും കൂടുതല്‍ കാര്യക്ഷമമായ ഒരു ദുരന്തനിവാരണ സംവിധാനം ഒരുക്കാന്‍ പരിശ്രമിക്കുകയാണ് ഈ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. ചക്രവ്യൂഹ എന്ന പേരില്‍ ദുരന്ത നിവാരണ കര്‍മ്മപദ്ധതിയും ഇതോടനുബന്ധിച്ച് ആവിഷ്‌‌കരിക്കുന്നുണ്ട്.

 


പ്രധാന വാർത്തകൾ
 Top