31 March Friday

പുതുമ നിറച്ച് മത്സ്യഫെഡിന്റെ അക്വാടൂറിസം സെന്റര്‍ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2017

 വൈപ്പിന്‍ > സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വിവിധസൌകര്യങ്ങളോടെ നവീകരിച്ച ഞാറക്കല്‍ അക്വാടൂറിസം സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച 12ന് എസ് ശര്‍മ എംഎല്‍എ നിര്‍വഹിക്കും. നിലവിലുണ്ടായിരുന്ന സൌകര്യങ്ങള്‍ക്കുപുറമേ അറുപതേക്കറോളംവരുന്ന ഫാമിനുനടുവില്‍ മൂന്നു കുടിലുകള്‍ സ്ഥാപിച്ച് വിശ്രമിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. ഒരെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. സന്ദര്‍ശകര്‍ക്ക് തുഴയാന്‍ പുതുതായി അഞ്ച് കുട്ടവഞ്ചികള്‍ ഫാമിലിറക്കും. റസ്റ്റോറന്റും നവീകരിച്ചു.

ഫാമിനുചുറ്റുമുള്ള കുടിലുകള്‍ക്ക് പുറമേയാണ് ഫാമിനുനടുവിലെ കുടില്‍. കുട്ടവഞ്ചി തുഴഞ്ഞ് ഇതില്‍ പ്രവേശിക്കാം. കുട്ടികള്‍ക്കായി ചെറിയ പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്.
ചൂണ്ടയിട്ട് മീന്‍പിടിക്കാനും  അത് പാകംചെയ്തു ലഭിക്കാനും നേരത്തെ സൌകര്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് 200 രൂപയുടെയും 12 വയസ്സിന് താഴെയുള്ളവര്‍ക്ക് 100 രൂപയുടെ പ്രവേശന പാസെടുത്താല്‍ ഉച്ചഭക്ഷണവും ഐസ്ക്രീമും വെല്‍ക്കം ഡ്രിങ്കും ലഭിക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണം.

മത്സ്യഫെഡിന്റെ മറ്റൊരു ഫാം മാലിപ്പുറം കടല്‍ത്തീരത്തുണ്ട്. ഗോശ്രീ ജങ്ഷനില്‍നിന്ന് ആറ് കിലോമീറ്ററും ചെറായി ദേവസ്വംനടയില്‍നിന്ന് 12 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഞാറക്കല്‍ അക്വാ ടൂറിസം സെന്ററിലെത്താം. ഇവിടെനിന്ന് ഇറങ്ങി പടിഞ്ഞാറോട്ട് തിരിഞ്ഞാല്‍ കടല്‍ത്തീരത്തെത്താം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top