18 September Wednesday
മന്ത്രിസഭാ ഉപസമിതി മുഴുവൻ സമയവും സ്ഥലത്ത് , 1374 
രക്ഷാ
പ്രവർത്തകർ

പരിശോധന 6 സോണായി തിരിച്ച്‌ ; 60 ശതമാനം പ്രദേശത്തെ പരിശോധനയും പൂർത്തിയാക്കി

എം രഘുനാഥ്‌Updated: Friday Aug 2, 2024

അട്ടമല റോഡിൽ ഉരുൾപൊട്ടലിൽ അടിഞ്ഞ മണ്ണും കല്ലും നീക്കി മണ്ണുമാന്തി ഉപയോഗിച്ച് വെള്ളിയാഴ്ച നടത്തിയ പരിശോധന ഫോട്ടോ: ബിനുരാജ്


കൽപ്പറ്റ
സമാനതകളില്ലാത്ത  രക്ഷാദൗത്യവുമായി ദുരന്തമുഖത്ത്‌ നാലാംനാൾ. സേനയും പൊലീസും അഗ്നിരക്ഷാ പ്രവർത്തകരും വനം, റവന്യൂ വകുപ്പ്‌ ജീവനക്കാരുമുൾപ്പെടെ 1,374 പേരാണ്‌ രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത്‌. ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതും കണ്ടെത്തിയേ പിന്തിരിയൂ എന്ന ദൃഢനിശ്ചയവുമായി സർക്കാർ സംവിധാനമാകെ കർമനിരതമാണ്‌ .ഒപ്പം നൂറുകണക്കിന്‌ മറ്റ്‌ രക്ഷാപ്രവർത്തകരും.

ആറ്‌ സോണുകളായി തിരിച്ചാണ്‌ വെള്ളി രാവിലെമുതൽ പരിശോധന. അട്ടമല, മുണ്ടക്കൈ,പുഞ്ചിരിമട്ടം, വെള്ളാർമല ജിവിഎച്ച്‌എസ്‌എസ്, പുഴയുടെ അടിത്തട്ട്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ സോണുകൾ. ദുരന്തബാധിത മേഖലയിലെ 60 ശതമാനം പ്രദേശത്തെ പരിശോധനയും ഇതിനകം പൂർത്തിയാക്കി. വെള്ളിയാഴ്‌ച 14 മൃതദേഹം കണ്ടെത്തി. ഇതിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിൽനിന്നാണ്‌.

മരിച്ചവരുടെ എണ്ണം 334 ആയി. 210  മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുറമെ 134 ശരീരഭാഗങ്ങൾ കൂടിയുണ്ട്‌. 207 മൃതദേഹത്തിന്റെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കി. 119 മൃതദേഹം കൈമാറി. തിരിച്ചറിയാത്തവ ഔദ്യോഗിക സംവിധാനം ഉപയോഗിച്ച്‌ സംസ്കരിക്കാൻ എട്ട്‌ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്‌. 395 പേരെ കാണാതായി.

രക്ഷപ്പെട്ട 597 കുടുംബങ്ങളിലെ 2,303പേർ 17 ക്യാമ്പുകളിലായി കഴിയുന്നു. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങും. ക്യാമ്പുകളിൽ ഓരോ കുടുംബത്തെയും സ്വകാര്യത മാനിച്ച്‌ വെവ്വേറെയാണ്‌ താമസിപ്പിക്കുന്നത്‌. ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ഓരോ രണ്ട്‌ മണിക്കൂറിലും ശുചീകരണവും നടക്കുന്നുണ്ട്‌. എല്ലാ ക്യാമ്പുകളിലും മെഡിക്കൽ സംഘമെത്തുന്നു. കൗൺസലിങ്ങും നൽകുന്നുണ്ട്‌. ഹെൽപ്പ്‌ ഡസ്‌ക്കുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. വാസകേന്ദ്രം ഇല്ലാതായതോടെ വനത്തിൽ അലഞ്ഞുതിരിഞ്ഞ്‌ നടന്ന അഞ്ച്‌ കുടുംബങ്ങളിലെ 32 ആദിവാസികളെ മന്ത്രി ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ ക്യാമ്പിലും എസ്റ്റേറ്റ്‌ പാടികളിലുമാക്കി. പടവെട്ടിക്കുന്നിൽ ഒരു വീട്ടിലെ നാലുപേർ ഒറ്റപ്പെട്ട്‌ കഴിയുകയായിരുന്നു. അവരെ അഗ്നിരക്ഷാ ജീവനക്കാർ ബന്ധുവീടുകളിലേക്ക്‌ മാറ്റി.

രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവർ രാവിലെമുതൽ ദുരന്തമേഖലയിലുണ്ട്‌.


 

മേപ്പാടി പഞ്ചായത്ത്‌ 
ദുരന്തമേഖല
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഉൾപ്പെടുന്ന  മേപ്പാടി പഞ്ചായത്തിനെ സംസ്ഥാന സർക്കാർ  ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ചു.
 പഞ്ചായത്തിലെ  കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളിൽ ജൂലൈ 30 മുതൽ മൂൻകൂർ പ്രാബല്യത്തോടെ  ദുരന്ത നിവാരണ വകുപ്പാണ്‌  ഉത്തരവിറക്കിയത്‌.  2018ൽ  ഉരുൾപൊട്ടലുണ്ടായി 17 പേർ മരിച്ച പുത്തുമലയും മേപ്പാടിയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top