19 September Thursday

അതിതീവ്ര മഴതന്നെ 
പ്രധാന കാരണം : ഡോ. പി ആർ അരുൺ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024


കോഴിക്കോട്‌
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ചുരുങ്ങിയ സമയത്തിനുള്ളിലെ അതിതീവ്ര മഴയാണ്‌ ഉരുൾപൊട്ടലിന്‌ പ്രധാനകാരണമെന്ന്‌ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ (സിഡബ്ല്യുആർഡിഎം) സീനിയർ സയന്റിസ്റ്റ്‌ ഡോ. പി ആർ അരുൺ. ഒരുദിവസം 100 മുതൽ 120 മില്ലി മീറ്റർ വരെയാണ്‌ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾക്ക്‌ ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ്‌. ഇതിൽ കൂടുതൽ പെയ്യുമ്പോൾ അപകടഭീഷണി വർധിക്കും. മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ രണ്ടുദിവസംകൊണ്ട്‌ 572  മില്ലി മീറ്ററാണ്‌ പെയ്‌തത്‌. സമാന രീതിയിലായിരുന്നു 2019ൽ പുത്തുമലയിലും. 1400 മില്ലിമീറ്ററിലധികമാണ്‌ ആ ഒരാഴ്ച അവിടെ ലഭിച്ച മഴ. 

ഈ വസ്‌തുതകളുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടലിന്‌ ഒറ്റക്കാരണം തീവ്രമഴ തന്നെ. അത്‌ കാണാതെ മറ്റു കാരണങ്ങളിലേക്ക്‌ മാത്രം കേന്ദ്രീകരിച്ച്‌ കേവല പരിസ്ഥിതിവാദിയാവേണ്ട സാഹചര്യമില്ല. വനനശീകരണവും അശാസ്‌ത്രീയ നിർമാണവും ഖനനവും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്‌. പക്ഷേ ഇതൊന്നുമില്ലാത്ത മലയിലും പരിധിക്കപ്പുറം മഴ പെയ്‌താൽ ഉരുൾപൊട്ടും. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മലയിൽ വലിയ നിർമാണങ്ങൾ നടന്നതായി കാണുന്നില്ല.
ആദ്യകാലങ്ങളിൽ മഴയുടെ വിതരണത്തിൽ കൃത്യതയുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ ഇപ്പോഴത്‌ മാറി. ഒരു വർഷംകൊണ്ട് ലഭിക്കേണ്ട മഴ ഒരാഴ്ച കൊണ്ട് ലഭിക്കുന്നു. മുണ്ടക്കയം, ചൂരൽമല ഉൾപ്പെടെയുള്ള  ഉരുൾപൊട്ടൽ സാധ്യതാമേഖലകളിലെ മണ്ണിന്റെ പ്രത്യേകതയും ഭൂമിയുടെ ചരിവും സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അതിനിടയിൽ കൂടി റോഡും കെട്ടിടവും ഉണ്ടെങ്കിൽ സാധ്യത കൂടും. മലകളിൽനിന്നുള്ള നീരൊഴുക്ക്‌ തടസ്സപ്പെടുന്നതും കാരണമാണ്. വെള്ളം കൂടുതലായി മണ്ണിലേക്കിറങ്ങി ഭൂമിയുടെ ഘടന അസ്ഥിരപ്പെടുത്തുന്നതിന്‌ ഇടയാക്കും.

വലിയ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ വേരുകൾ ദ്രവിച്ച് കൂടുതൽ വെള്ളം വളരെ വേഗം ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെല്ലും. അത്‌ ഭൂമിക്കടിയിൽ മണ്ണ്  ഒലിച്ചുപോകുന്നതിനിടയാക്കും (കുഴലീകൃത മണ്ണൊലിപ്പ്). കനത്തമഴയിൽ ഇത്തരം മണ്ണ് പെട്ടെന്ന് തെന്നിമാറി ഉരുൾപൊട്ടലിന് സാധ്യത കൂടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top