27 September Monday

നിയന്ത്രണം കടുപ്പിച്ച്‌ 
കർണാടകവും തമിഴ്‌നാടും ; കർശനമാക്കി കേരളവും

സ്വന്തം ലേഖകർUpdated: Monday Aug 2, 2021

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ രേഖയോ ഇല്ലാത്തവരെ 
വാളയാറിൽ തമിഴ്നാട് പൊലീസ് ആർടിപിസിആറിന് നിർദേശിക്കുന്നു


കാസർകോട്‌/പാലക്കാട്‌
കോവിഡ്‌ പ്രതിരോധത്തിന്റെ പേരിൽ കേരളത്തിൽനിന്നുള്ളവർക്ക്‌ കർശന നിയന്ത്രണമേർപ്പെടുത്തി കർണാടകവും തമിഴ്‌നാടും. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാത്രമാണ്‌ കർണാടകത്തിലേക്ക്‌ പ്രവേശനം. ഇത്‌ കടുത്ത പ്രതിഷേധത്തിനിടയാക്കി. വാക്‌സിൻ എടുത്തവരെയും പ്രവേശിപ്പിക്കണമെന്നാണ്‌ ആവശ്യം. ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കും മംഗളൂരുവിൽ പോകുന്നവർ വിഷമത്തിലായതിനെ തുടർന്നാണ്‌ നാട്ടുകാർ പ്രതിഷേധിച്ചത്‌. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ രണ്ടുതവണ റോഡ്‌  ഉപരോധിച്ചു. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പ്രവർത്തകരെ കർണാടക പൊലീസ്‌ കൈയേറ്റം ചെയ്‌തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുഞ്ചത്തൂരിലെ അൻവറിനെ ഉള്ളാൾ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു.  നൂറോളം പൊലീസുകാരെയാണ്‌ കർണാടകം അതിർത്തിയിൽ വിന്യസിച്ചത്‌. നേരത്തെയുണ്ടായിരുന്ന കോവിഡ്‌  പരിശോധനാകേന്ദ്രം അടച്ചു. തലശേരി –- ബംഗളൂരു പാതയിലെ മാക്കൂട്ടം ചുരം റോഡിലും കർണാടകം നിയന്ത്രണം കടുപ്പിച്ചു.  വാഹനം തടഞ്ഞാണ്‌ പരിശോധന.

തമിഴ്‌നാട്‌ പോർട്ടലിൽ രജിസ്‌ട്രേഷൻ വേണം
72 മണിക്കൂർമുമ്പ്‌ എടുത്ത ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റോ രണ്ട്‌ ഡോസ്‌ വാക്‌സിൻ സര്‍ടിഫിക്കറ്റോ തിങ്കളാഴ്‌ചമുതൽ തമിഴ്നാട്‌ നിര്‍ബന്ധമാക്കി. കൂടുതൽ പൊലീസ്, ആരോ​ഗ്യ പ്രവർത്തകരെ അതിർത്തിയിൽ വിന്യസിച്ചു. തമിഴ്നാട് കോവിഡ് പോർട്ടലിൽ രജിസ്ട്രേഷനും നിർബന്ധമാക്കി. ഇതൊന്നുമില്ലാത്തവരെ ആർടിപിസിആർ പരിശോധന നടത്തിയാണ് കടത്തിവിട്ടത്.  വാളയാറിനുപുറമെ ഗോപാലപുരം, വേലന്താവളം, നടുപ്പുണ്ണി, മീനാക്ഷീപുരം, ​ഗോവിന്ദാപുരം, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ചൊവ്വാഴ്‌ച മുതൽ പരിശോധന കര്‍ശനമാക്കും. ഇരുസംസ്ഥാനങ്ങളിലെയും ബസുകള്‍ വാളയാർവരെയാണ് സർവീസ്.  കേരളത്തിൽനിന്നുള്ള ചരക്കു വാഹനങ്ങൾക്ക് നിർദേശം ബാധകമല്ല. പെർമിറ്റുള്ള വാഹനങ്ങൾക്ക് പോകാൻ പ്രത്യേക സൗകര്യമുണ്ട്. ഡ്രൈവർ, ക്ലീനർ എന്നിവരുടെ താപനില പരിശോധിക്കും.  അവശ്യ സാധനമടക്കം തടസ്സപ്പെടാതിരിക്കാനാണ് ഇളവ്.

കേരളത്തിലേക്കും 
രജിസ്ട്രേഷൻ
അതിർത്തിയിൽ കേരളവും പരിശോധന കർശനമാക്കി. വാളയാറിൽ ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കുമാത്രമാണ് പ്രവേശനം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. സംഘമായി അതിർത്തി കടക്കുന്ന അതിഥി തൊഴിലാളികളെ ആന്റിജൻ പരിശോധനയ്ക്കും വിധേയരാക്കുന്നു. ജില്ലാ ആശുപത്രിയിലെ മൊബൈൽ ലാബ് വാളയാറിൽ സജ്ജമാക്കി. തലപ്പാടി അതിർത്തിയിൽ ചൊവ്വാഴ്‌ച കോവിഡ്‌ പരിശോധനാ കേന്ദ്രം ആരംഭിക്കുമെന്ന്‌ കാസർകോട്‌ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി അറിയിച്ചു.

ലോക്ഡൗൺ 
രീതി മാറ്റം: 
ഇന്നറിയാം
സംസ്ഥാനത്ത്‌ നിലവിലുള്ള ലോക്‌ഡൗൺ രീതിയിൽ മാറ്റം വേണോ എന്ന്  ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമാകും. വാരാന്ത്യ ലോക്‌ഡൗൺ തുടരണോ എന്നതും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗം ചർച്ച ചെയ്യും. ഇതുസംബന്ധിച്ച്‌ വിദഗ്‌ധസമിതിയുടെ നിർദേശങ്ങൾ പരിഗണിക്കും. രോഗസ്ഥിരീകരണ നിരക്ക്‌ പത്തു ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന്‌ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്‌. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുനൽകാനും കൂടുതലുള്ള പ്രദേശങ്ങളിൽ മൈക്രോ കണ്ടെയ്‌ൻമെന്റ്‌ സംവിധാനം ഏർപ്പെടുത്താനുമാണ് തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top