21 October Monday
സംസ്ഥാനങ്ങൾക്കെല്ലാം ഡൽഹിയിൽ കാബിനറ്റ്‌ റാങ്കുള്ള പ്രതിനിധി

കേരള ഹൗസ്‌ ഇനി ശരിക്കും കേരള ഹൗസ്‌; ഔദ്യോഗിക ഇടപാടുകൾ വേഗത്തിലാകും

എം പ്രശാന്ത‌്Updated: Saturday Aug 3, 2019


ഡൽഹിയിൽ പ്രത്യേക പ്രതിനിധിയില്ലാതിരുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമായിരുന്നു ഇതുവരെ കേരളം. ആന്ധ്രയ്ക്കും തെലങ്കാനയ്‌ക്കും തമിഴ്‌നാടിനും കർണാടകയ്‌ക്കുമെല്ലാം ഡൽഹിയിൽ കാബിനറ്റ്‌ റാങ്കോടെ വർഷങ്ങളായി പ്രത്യേക പ്രതിനിധിയുണ്ട്‌. എല്ലാ സംസ്ഥാനങ്ങളും ഡൽഹിയിൽ പ്രവർത്തനപരിചയമുള്ള  നേതാക്കളെയാണ്‌ നിയമിച്ചത്‌.

റസിഡന്റ്‌ കമീഷണർക്കും അസിസ്‌റ്റന്റ്‌ റസിഡന്റ്‌ കമീഷണർക്കും പുറമെയാണ്‌ സംസ്ഥാനങ്ങൾ കാബിനറ്റ്‌ പദവിയോടെ പ്രത്യേക പ്രതിനിധികളെ നിയമിച്ചത്‌. പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും മറ്റും കൂടിക്കാഴ്‌ചയ്‌ക്ക്‌ പെട്ടെന്ന്‌ അനുമതി ലഭിക്കുന്ന തിനാണ്‌ പ്രതിനിധികൾക്ക്‌ കാബിനറ്റ്‌ റാങ്ക്‌ നൽകുന്നത്‌.

കേന്ദ്രത്തിൽ നിന്ന്‌ ലഭിക്കേണ്ട വിഹിതവും മറ്റും  നേടിയെടുക്കുന്നതിന്‌ ഇടപടുക,  വിവിധ പദ്ധതികൾക്കുള്ള കേന്ദ്രാനുമതിയും മറ്റും വേഗത്തിലാക്കുക, തലസ്ഥാന നഗരിയിൽ കഴിയുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ ആവശ്യങ്ങളിലും മറ്റും പരിഹാരം കാണുക, വിദേശരാജ്യങ്ങളിൽ സംസ്ഥാന താൽപ്പര്യമുള്ള സംഭവങ്ങളുണ്ടാകുമ്പോൾ എംബസികളുമായും മറ്റും വേഗത്തിൽ ബന്ധപ്പെടുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ്‌ പ്രത്യേക പ്രതിനിധികൾക്ക്‌.

തെലങ്കാനയ്‌ക്ക്‌ കാബിനറ്റ്‌ റാങ്കോടെ നാല്‌ പ്രതിനിധികൾ ഡൽഹിയിലുണ്ട്‌. തെലങ്കാന ഭവൻ കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവർത്തനം.  ഭരണകക്ഷിയായ വൈഎസ്‌ആർസിപിയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ വി വിജയ്‌സായി റെഡ്ഡിയാണ്‌ ആന്ധ്രയുടെ പ്രതിനിധി. രാജ്യസഭാംഗമായതിനാൽ ഇരട്ടപദവി പ്രശ്‌നം ഒഴിവാക്കാൻ കാബിനറ്റ്‌ റാങ്കിന്‌ പകരം സംസ്ഥാന അതിഥി എന്ന പദവിയാണ്‌ നൽകിയത്‌.  മുൻ രാജ്യസഭാംഗവും കന്യാകുമാരി സ്വദേശിയുമായ തലവായ്‌ സുന്ദരമാണ്‌ തമിഴ്‌നാടിന്റെ   പ്രതിനിധി. ജെഡിഎസ്‌ നേതാവ്‌ സയ്യിദ്‌ മുഹമദ്‌ അൽത്താഫാണ്‌  കർണാടകയുടെ  പ്രത്യേക പ്രതിനിധി സ്ഥാനത്തുണ്ടായിരുന്നത്‌.
സഖ്യസർക്കാരിന്റെ കാലത്ത്‌ കോൺഗ്രസ്‌ നേതാവായിരുന്ന അജയ്‌ സിങ്ങും ക്യാബിനറ്റ്‌ റാ‌‌ങ്കോടെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായിരുന്നു. മുൻ മുഖ്യമന്ത്രി ധരംസിങ്ങിന്റെ മകനാണ്‌ അജയ്‌ സിങ്‌.

ഇനി ശരിക്കും കേരള ഹൗസ്‌
ന്യൂഡൽഹി 
സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി മുൻ എംപി എ സമ്പത്ത്‌ ഡൽഹിയിലെത്തുന്നതോടെ കേരള ഹൗസിന്റെ തലപ്പത്ത്‌ ഒരു മലയാളിയെന്ന ഡൽഹി മലയാളികളുടെ ഏറെക്കാലത്തെ  ആവശ്യത്തിനും അംഗീകാരമാകും. കേരളത്തിന്റെ മുഖ്യപ്രതിനിധിയായി ഡൽഹിയിൽ പ്രവർത്തിക്കുന്നതും കേരള ഹൗസിന്റെ ഭരണചുമതല നിർവഹിക്കുന്നതും റസിഡന്റ്‌ കമീഷണറാണ്‌. രണ്ടു ദശകത്തോളമായി ഈ പദവിയിൽ മലയാളികളുണ്ടായിട്ടില്ല.

നിലവിൽ അഡീഷണൽ റസിഡന്റ്‌ കമീഷണർ തസ്‌തിക ഒഴിവാണ്‌. ഡൽഹി മലയാളികൾക്ക്‌ കേരള ഹൗസ്‌ പ്രാപ്യമല്ലെന്നും ഉത്തരേന്ത്യൻ ലോബിയുടെ പിടിയിലാണെന്നും മലയാളി സംഘടനകളിൽ വിമർശനമുണ്ട്‌. സമ്പത്ത്‌ എത്തുന്നതോടെ ഇതടക്കം പരിഹരിക്കാൻ അവസരമൊരുങ്ങും. ഒപ്പം ട്രാവൻകൂർ ഹൗസിന്റെ പുനരുജ്ജീവനത്തിലും മലയാളി സംഘടനകൾക്ക്‌ പ്രതീക്ഷയുണ്ട്‌.


പ്രധാന വാർത്തകൾ
 Top