17 September Tuesday

അഞ്ചുമുതൽ 31 വരെ കർശന വാഹനപരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019



റോഡ് സുരക്ഷാ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി അഞ്ചുമുതൽ 31 വരെ സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കും. പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ്‌ പരിശോധിക്കുക. അപകട, മരണനിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്‌. സംസ്ഥാനതലത്തിൽ ട്രാഫിക്‌ ഐജി നോഡൽ ഓഫീസറായും ജില്ലാതലത്തിൽ  കലക്ടർ ചെയർമാനായുമുള്ള കമ്മിറ്റി  ആഴ്ചതോറും നടപടി അവലോകനം ചെയ്യും. 

സീബ്രാ ലൈനുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവർക്കും സിഗ്നൽ അവഗണിക്കുന്നവർക്കുമെതിരെ കർശന നടപടിയുണ്ടാകും.

അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവ പിടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതോടൊപ്പം റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നൽകും. സ്‌കൂൾ ബസുകളുടെ അമിതവേഗം, ഓവർലോഡ് തുടങ്ങിയവ പരിശോധിക്കും. കാറിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നും ഉറപ്പാക്കും.

പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റം ഒഴിപ്പിക്കും. ആദ്യപടിയായി താൽക്കാലിക കൈയേറ്റങ്ങൾക്ക് ഒരാഴ്ചത്തെ നോട്ടീസ് നൽകി പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും.

നടപ്പാതകളിലും റോഡിലുമുള്ള  അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കലക്ടർമാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും തലത്തിൽ രണ്ടാംഘട്ടനടപടി സ്വീകരിക്കും. കൂടുതൽ അപകടം നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടായി പരിഗണിച്ച് സൂചനാ ബോർഡ്‌ സ്ഥാപിക്കും. മന്ത്രിമാരായ ജി സുധാകരൻ,  എ കെ ശശീന്ദ്രൻ എന്നിവർ ജില്ലകളിലെ ഒരുക്കങ്ങൾ വിലയിരുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top