10 August Monday

15 കോടി കാണാതായതിന്റെ ഉത്തരവാദി മഹേശനെന്ന് തുഷാർ വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ആത്മഹത്യചെയ്ത എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണം നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി. യൂണിയനിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്ന്‌ തുഷാർ ആരോപിച്ചു.

കണിച്ചുകുളങ്ങര, ചേർത്തല യൂണിയനുകളിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായി. 23 വ്യാജ ഗ്രൂപ്പുകൾ ഉണ്ടാക്കി 1.35 കോടി രൂപ തട്ടാൻ ശ്രമിച്ചു. ചേർത്തല യൂണിയൻ നടത്തിയ പല പദ്ധതികളിലും സാമ്പത്തിക തട്ടിപ്പ് വ്യക്തമായി. ഭീഷണിപ്പെടുത്തി സാമ്പത്തിക ക്രമക്കേടിൽനിന്ന്‌ ഒഴിയാനായിരുന്നു മഹേശന്റെ ആദ്യശ്രമം. മഹേശൻ ഒറ്റയ്ക്കാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്. 15 കോടി രൂപ കാണാതായതിന്റെ  ഉത്തരവാദിത്തവും മഹേശനാണ്. അന്വേഷണത്തിൽ ഇതെല്ലാം വ്യക്തമാകും. അന്വേഷണം ആരംഭിച്ചപ്പോഴാണ് ജനറൽ സെക്രട്ടറിയോട് മഹേശന് വിയോജിപ്പ് തുടങ്ങിയതെന്നും മഹേശൻ ആത്മഹത്യാക്കുറിപ്പിൽ കഥയുണ്ടാക്കി എഴുതിയതായും തുഷാർ ആരോപിച്ചു.

വെള്ളാപ്പള്ളിയുടെ സഹായിയുടെ മൊഴിയെടുത്തു
എസ‌്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട‌് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മാനേജർ കെ എൽ അശോകന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നവരിൽനിന്ന‌് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ‌് മൊഴിയെടുക്കൽ. വരും ദിവസങ്ങളിൽ വെള്ളാപ്പള്ളിയുടെ മൊഴിയും രേഖപ്പെടുത്തുമെന്ന്‌ പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top