25 August Sunday

ഏഴിനം വവ്വാൽ നിപാ വാഹകരാവാം : കാർഷിക സർവകലാശാലയുടെ കണ്ടെത്തൽ

സി എ പ്രേമചന്ദ്രൻUpdated: Tuesday Jul 2, 2019



പഴംതീനി വവ്വാലുകൾക്ക് പുറമെ പ്രാണികളെ തിന്നുന്ന രണ്ട‌് തരം വവ്വാലുകളും നിപാ വൈറസ് വാഹകരാണെന്ന‌് കണ്ടെത്തൽ.  ഇവയടക്കം കേരളത്തിലെ വവ്വാലുകളിൽ നിപാ വൈറസ് വഹിക്കാവുന്ന ഏഴ‌് ഇനങ്ങൾ ഉള്ളതായി കാർഷിക സർവകലാശാലയുടെ പഠനത്തില്‍ പറയുന്നു.

നിലവിൽ  കേരളത്തിൽ ഒരിനം പഴതീനി വവ്വാലിൽ മാത്രമാണ് നിപാ സ്ഥിരീകരിച്ചത്. മറ്റു വവ്വാലുകളെ കേരളത്തിൽ പിടികൂടി നിപാ വൈറസ് ബാധസ്ഥിരീകരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ 11 വവ്വാൽ ഇനങ്ങൾ നിപാ വൈറസ് വാഹികളാണ്.  ആശങ്കവേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ 33 ഇനം വവ്വാലുകളില്‍ അഞ്ചിനമാണ് പഴംതീനികൾ. ഇവയിൽ ഫ്ലയിങ് ഫോക്സെസ് എന്നറിയപ്പെടുന്ന ഇന്ത്യൻ പഴതീനിവവ്വാൽ മാത്രമാണ് നിപാ വൈറസ് വാഹിയായി  കണക്കാക്കിയിരുന്നത്. എന്നാൽ ശ്വാനമുഖൻ വവ്വാൽ, കുറുമുക്കൻ വവ്വാൽ, പ്രഭാത വവ്വാൽ,  മഞ്ഞചുവപ്പൻ പഴ വവ്വാൽ എന്നീ ഇനങ്ങളിലും മറ്റു രാജ്യങ്ങളിൽ നിപാ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ മഞ്ഞചുവപ്പൻ, കുറുമൂക്കൻ എന്നിവയെ മാത്രമെ മനുഷ്യനുള്ളിടത്തോ സമീപമേഖലയിലോ കണ്ടെത്തിയിട്ടുള്ളു. ബാക്കി ഉള്ളവ വന ആവാസ വ്യവസ്ഥയിൽമാത്രം കാണുന്നവയാണ്. ഇലമൂക്കൻ വവ്വാൽ ഇനത്തിൽ കാന്റർ, മഞ്ഞ എന്നീ പ്രാണികളെ തിന്നുന്നവയും നിപാ വൈറസ് വാഹികളാണെന്ന് കണ്ടെത്തി.

കഴിഞ്ഞ വർഷം കോഴിക്കോട് നിപാ പടർന്ന പശ്ചാത്തലത്തിലാണ് കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജിലെ വന്യജീവി ഗവേഷണ–- പഠന വിഭാഗം മേധാവി ഡോ. പി ഒ നമീറിന്റെ നേതൃത്വത്തിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായി ചേർന്ന് പഠനം നടത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top