22 August Thursday

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക‌് സംവരണം: വിശദവാദം കേൾക്കും‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


ന്യൂഡൽഹി 
മുന്നോക്കവിഭാഗങ്ങളിലെ  സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ഭരണഘടനാ ഭേദഗതി ചോദ്യംചെയ‌്തുള്ള ഹർജിയിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും‌. സംവരണം നടപ്പാക്കുന്നത‌് സ‌്റ്റേ ചെയ്യണമെന്ന അപേക്ഷകളും പരിഗണിക്കുമെന്ന‌് സുപ്രീംകോടതി അറിയിച്ചു. ജൂലൈ 16 മുതൽ കേസിൽ വാദം കേൾക്കുമെന്ന‌് ജസ‌്റ്റിസുമാരായ ‌എസ‌് എ ബോബ‌്ഡെ, ബി ആർ ഗവായ‌് എന്നിവരുടെ ബെഞ്ച‌് പറഞ്ഞു. വേനലവധി കഴിഞ്ഞ‌് ആദ്യദിവസം വാദം കേൾക്കാൻ കോടതി തയ്യാറായില്ല. ഭരണഘടനയുടെ 15(6), 16(6) അനുച്ഛേദങ്ങൾ ഭേദഗതി ചെയ‌്ത‌ാണ‌് സർക്കാർ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും മുന്നോക്കക്കാരിലെ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്നവർക്ക‌് സംവരണം നൽകിയത‌്. ഇത‌് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിന‌് എതിരാണെന്ന‌് ചൂണ്ടിക്കാട്ടിയ ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക‌് സംവരണം നൽകിയത‌് സ‌്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി മുമ്പ‌് അംഗീകരിച്ചിരുന്നില്ല. സംവരണത്തിന്റെ നിയമസാധുത പരിശോധിക്കുമെന്ന‌് വ്യക്തമാക്കിയ സുപ്രീംകോടതി ജനുവരിയിൽ കേന്ദ്രത്തിന‌് നോട്ടീസയച്ചിരുന്നു. സംവരണത്തിന‌് സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കരുതെന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ ഇന്ദിര സ്വഹ‌്നായ‌് കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ‌് വിവിധ സംഘടനകളുടെ ഹർജി. സംവരണം 50 ശതമാനത്തിൽ അധികമാകരുതെന്ന സുപ്രീംകോടതി വിധിയും ലംഘിച്ചതായി ഹർജിയിൽ പറയുന്നു. ഭരണഘടനാ ഭേദഗതിയോടെ ഈ വിധി ബാധകമല്ലാതായെന്ന‌് കേന്ദ്രസർക്കാർ അറിയിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥ സംവരണത്തിന‌് മാനദണ്ഡമാക്കിയത‌് ആവശ്യമായ പഠനങ്ങൾക്കുശേഷമാണെന്നും സർക്കാർ പറഞ്ഞു. ഫെബ്രുവരി ഒന്നിനുശേഷമുള്ള തസ‌്തികകൾക്കും ഒഴിവുകൾക്കും സംവരണം ബാധകമാക്കണമെന്ന‌് പേഴ‌്സണൽ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top