22 August Thursday

അെപക്സ‌് ട്രെയിനിങ‌് ആൻഡ‌് സിമുലേഷന്‍ സെന്റർ: ധാരണാപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


തിരുവനന്തപുരം
സംസ്ഥാനത്ത‌് ലോകോത്തര ട്രോമ കെയർ സംവിധാനം ഉറപ്പുവരുത്താനായി തിരുവനന്തപുരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ആരംഭിക്കുന്ന അപക്സ‌്  ട്രെയിനിങ‌് ആൻഡ‌് സിമുലേഷൻ സെന്ററിന്റെ ധാരണാപത്രം ഒപ്പിട്ടു. ടാറ്റ ട്രസ‌്റ്റിന്റെ സഹകരണത്തോടെയും യുകെയിലെ വാർവിക് സർവകലാശാല, ഡൽഹി എയിംസ്, ടാറ്റ കെയർ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയുമാണ‌് പദ്ധതി. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ടാറ്റ ട്രസ്റ്റ‌് ചീഫ് ഫിനാൻസ് ഓഫീസർ ആഷിഷ് ദേശ‌്പാണ്‌ഡെ, ഹെഡ് ഓഫ് ഹെൽത്ത് ശ്രീനിവാസ്, കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടർ കാശി രാജു എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്.

അപകടം നടന്ന‌് ആദ്യ ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) മികച്ച പരിചരണം ലഭ്യമാക്കി ജീവൻ രക്ഷിക്കാനുള്ള സമഗ്ര ട്രോമ കെയർ സംവിധാനത്തിന്റെ ഭാഗമായാണ‌് 12 കോടി ചെലവിൽ പരിശീലന കേന്ദ്രം നിർമിക്കുന്നത‌്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന‌് കീഴിലുള്ള കേന്ദ്രം ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. രാജ്യത്ത‌്‌ സർക്കാർ സംവിധാനത്തിൽ ആദ്യമായാണ് ഇത്തരമൊരു പരിശീലനകേന്ദ്രം സ്ഥാപിക്കുന്നതെന്ന‌് മന്ത്രി പറഞ്ഞു.

ലെവൽ ഒന്ന‌്, രണ്ട‌്, മൂന്ന‌് എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നൽകും. ആദ്യ രണ്ട് വർഷത്തിൽ 9,000 ഡോക്ടർമാർ, നേഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കാണ‌് പരിശീലനം. ശേഷം താഴേത്തട്ടിലുള്ള ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള പരിശീലകരെ സജ്ജമാക്കും. ആംബുലൻസ‌് ഡ്രൈവർമാർ, പൊതുജനങ്ങൾ എന്നിവർക്കും പരിശീലനം നൽകും.

ഭാവിയിൽ മെഡിക്കൽ വിദ്യാർഥികൾക്ക‌് സമഗ്ര ട്രോമ കെയർ പാഠ്യവിഷയമാക്കും. വാർവിക് സർവകലാശാല, ഡൽഹി എയിംസ് എന്നിവയുടെ സഹകരണത്തോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സായിരിക്കും ഇത‌്.

ലോക ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, കൊട്ടാരക്കര, കന്യാകുളങ്ങര, അടൂർ എന്നിവിടങ്ങളിലും 28.21 കോടി ചെലവിൽ ട്രോമകെയർ സംവിധാനം ഒരുക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ലെവൽ രണ്ട‌്, മൂന്ന‌് ട്രോമകെയർ സംവിധാനം നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top