29 May Friday
അഭിമന്യുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

ഇല്ല ഇല്ല മരിക്കുന്നില്ല.. രക്തസാക്ഷി മരിക്കുന്നില്ല...; മഹാരാജാസിന്റെ പ്രിയ നേതാവിന് സഹപാഠികളുടെ അന്ത്യാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

കൊച്ചി > അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോൾ സഹപാഠികൾക്ക്‌ കണ്ണീരടക്കാനായില്ല. ഉള്ളിലെ വിങ്ങൽ മുദ്രാവാക്യമായി അവർ ഉറക്കെ വിളിച്ചു  'ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ ....നൂറുനൂറ്‌ കണ്‌ഠങ്ങളിൽനിന്നുയർന്ന ആ മുദ്രവാക്യം വിളികൾക്കിടയിലുടെ അഭിമന്യു അവസാനമായി തന്റെ ക്യാമ്പസിലെത്തി. തന്നെ കാണാൻ അലമുറയോടെയെത്തിയ കൂട്ടുകാർക്ക്‌ നടുവിൽ അവൻ കിടന്നു. ക്യാമ്പസ് ഫ്രണ്ട്- പോപ്പുലര്‍ ഫ്രണ്ട് വര്‍ഗീയവാദികള്‍ ഇന്നുപുലർച്ചെയാണ്‌  അഭിമന്യുവിനെ അതിക്രൂരമായി കുത്തികൊന്നത്‌. അവനുയർത്തി പിടിച്ച രാഷ്ട്രീയം ആ വാർഗീയവാദികൾക്ക്‌ അത്രമേൽ എതിരായിരുന്നു.

 എല്ലാവരേയും ഒരുപോലെ സ്‌നേഹിച്ചിരുന്ന നേതാവിനെയാണ് ക്രൂരമായി അക്രമികള്‍ കൊലപ്പെടുത്തുകയുണ്ടായത്. ഏറെ പ്രീയപ്പെട്ട തങ്ങളുടെ സഹോദരനെയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഒരുപോലെ പറയുന്നു. 

പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന അഭിമന്യുവിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിക്കാണ്‌  ജന്മനാടായ ഇടുക്കി വട്ടവടയിലേയ്ക്ക് കൊണ്ടുപോകുക. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് അഭിമന്യുവിനെ  കൊലചെയ്തത്‌.

 മഹരാജാസ് കോളേജിലെ കെമിസ്‌ട്രി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഇന്ന്‌ പുലർച്ചെയാണ്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ അക്രമികൾ കുത്തികൊന്നത്‌.ക്യാമ്പസിൽ അതിക്രമിച്ചു കയറിയ 20ഓളം പേർ നടത്തിയ ആക്രമത്തി അഭിമന്യവിനൊപ്പം വിനീത്‌ , അർജുൻ എന്നിവർക്കും കുത്തേറ്റു. ഇതിൽ അർജുന്റെ  നില ഗുരുതരമാണ്‌.അർജുനെ മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

 ഇടുക്കി വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ്‌ ആർ മനോഹരന്റെ മകനാണ്‌ .ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ്‌ സമ്മേളനം ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്‌തശേഷം വൈകിട്ട്‌ നാലോടെയാണ്‌ അഭിമന്യു കോളേജിലേക്ക്‌ തിരിച്ചുപോയത്‌.  തിങ്കളാഴ്‌ച പരീക്ഷ ഉള്ളതിനാലാണ്‌ കോളേജിലേക്ക്‌ മടങ്ങുന്നതെന്ന്‌ സുഹൃത്തുക്കളോട്‌ പറഞ്ഞിരുന്നു. വട്ടവട സർക്കാർ സ്‌കൂളിൽനിന്ന്‌ പ്ലസ്‌ ടു പാസായതിന്‌ ശേഷമാണ്‌ മഹാരാജാസിൽ ചേർന്നത്‌. അമ്മ: ഭൂപതി. സഹോദരൻ: പരിജിത്ത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്‌. സഹോദരി: കൗസല്യ. എസ്‌എഫ്‌‌ഐ നേതാവിന്റെ മരണത്തിനെ തുടർന്ന്‌വട്ടവടപഞ്ചായത്തിൽ തിങ്കളാഴ്‌ച രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെ ഹർത്താൽ ആചരിക്കും

വിവരമറിഞ്ഞ്‌ അഭിമന്യുവിന്റെ  അച്‌ഛനും അമ്മയും ഇന്ന്‌ രാവിലെ   മൃതദേഹം സൂക്ഷിച്ചിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെത്തി.രാവിലെ ഒമ്പതുമണിയോടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ തുടങ്ങി. പത്തരയോടെ മൃതദേഹം ആശുപത്രിയിൽനിന്നും മഹാരാജാസ്‌ കോളേജിലേക്ക്‌ കൊണ്ടുപോയി . സിപിഐ എം നേതാക്കളടക്കം നിരവധിപേർ ആശുപത്രിയിലെത്തി. മന്ത്രിമാരായ തോമസ്‌ ഐസക്‌, എം എം മണി , സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. എസ്‌ ശർമ എംഎൽഎ. സൈമൺ ബ്രിട്ടോ  എന്നിവർ ആശുപത്രിയിലും മഹാരാജസ്‌ കോളേജിലുമെത്തി. ഇന്ന്‌ ഉച്ചയോടെ മൃതദേഹം വട്ടവടയിലേക്ക്‌ കൊണ്ടുപോകും.

 


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top