14 July Tuesday

ഇളവിലും വേണം ജാഗ്രത , ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം : കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ലോക്ഡൗൺ ഇളവുകൾ കൂടുതൽ വന്നാലും ജാഗ്രതയിൽ കുറവുണ്ടാകരുതെന്ന്‌ മന്ത്രി കെ കെ ശൈലജ അഭ്യർഥിച്ചു. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയിലാണ് ലോകം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കണം. മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽനിന്ന്‌ അകലം പാലിക്കുകയും ചെയ്യണം. വയോധികർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർ പുറത്തിറങ്ങുകയോ രോഗസാധ്യതയുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുത്‌.

കൈ കഴുകുന്നത്‌ എന്തിന്‌
രോഗബാധിതർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവങ്ങളിലൂടെ രോഗം പകരാം. വൈറസ്‌ വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കാൻ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. അതിനു കഴിയാത്തവർ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈ കഴുകണം. കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്‌.

മാസ്‌ക് ധരിക്കണം
മാസ്‌ക് ആറു മണിക്കൂർ മാത്രമേ ഉപയോഗിക്കാവൂ. ഈർപ്പമുള്ളതോ നനഞ്ഞതോ ആയവ ധരിക്കരുത്. മാസ്‌കിൽ കൈ കൊണ്ട് തൊടരുത്‌. മറ്റുള്ളവരോട്‌ സംസാരിക്കുമ്പോൾ മാസ്‌ക് താഴ്ത്തിയിടരുത്. ഉപയോഗിച്ച തുണി മാസ്‌ക് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചശേഷം വീട്ടിലെത്തിയ ഉടൻ സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിടണം. തൂവലകളും മാസ്‌കായി ഉപയോഗിക്കാം.

ശാരീരിക അകലം നിർബന്ധം
ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക് ഒന്നര മീറ്ററിനപ്പുറം വൈറസ് പകരാൻ സാധ്യത കുറവാണ്. സമൂഹവുമായി നേരിട്ടിടപെടേണ്ടി വരുമ്പോൾ മറ്റുള്ളവരിൽനിന്ന്‌ ഒന്നര മീറ്റർ അകലം പാലിക്കണം. കടകളിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും  അകലം പാലിക്കണം.സംശയങ്ങൾക്ക്‌: ദിശ ഫോൺ: 1056, 0471 2552056.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top