15 July Wednesday

ഏറെ നാളുകൾക്കുശേഷം ഉയർന്നു ചൂളംവിളി; കരുതലിന്റെ കരങ്ങളുയർത്തി യാത്രക്കാർ ജനശതാബ്ദിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


കോഴിക്കോട്‌
രണ്ടുമാസവും ഏഴുദിവസവും പിന്നിട്ട നാൾ പുലർച്ചെ  കോഴിക്കോട്‌ റെയിൽ സ്‌റ്റേഷനിൽനിന്ന്‌ ആ ചൂളംവിളി ഉയർന്നു. പാതിനിലച്ച സ്വപ്‌നങ്ങളെയും  പ്രതീക്ഷകളെയും വീണ്ടെടുക്കാനായി‌ കരുതലിന്റെ കരങ്ങളുയർത്തി യാത്രക്കാർ  ജനശതാബ്ദിയിലേക്ക്‌. കോവിഡ്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്‌ മുതൽ  നിർത്തലാക്കിയ ട്രെയിൻ സർവീസ്‌ തിങ്കളാഴ്‌ച പുലർച്ചെ ജനശതാബ്‌ദിയുടെ ഓട്ടത്തോടെ പുനരാരംഭിച്ചു.

പുലർച്ചെ 6.10നാണ്‌ കോഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി സർവീസ്‌ ആരംഭിച്ചത്‌. സാധാരണ കണ്ണൂരിൽനിന്നാണ്‌ ഈ ട്രെയിൻ  പുറപ്പെടാറുള്ളത്‌. എന്നാൽ കണ്ണൂർ കോവിഡ്‌ തീവ്രബാധിത മേഖലയായതിനാൽ പുറപ്പെടുന്ന സ്‌റ്റേഷൻ കോഴിക്കോട്ടേക്ക്‌ മാറ്റുകയായിരുന്നു. രാവിലെ വളരെ കുറഞ്ഞ ആളുകളാണുണ്ടായത്‌. പകൽ 1.45നാണ്‌ തിരുവനന്തപുരത്തേക്കുള്ള രണ്ടാമത്‌ ജനശതാബ്ദി പുറപ്പെട്ടത്‌. ഇതിനുപുറമെ എറണാകുളത്തുനിന്ന്‌ പുറപ്പെട്ട  മംഗള എക്‌സ്‌പ്രസ്‌, തിരുവനന്തപുരത്തുനിന്നുള്ള നേത്രാവതി എന്നിവയാണ്‌ തിങ്കളാഴ്‌ച കോഴിക്കോട്‌ സ്‌റ്റേഷൻ വഴി സർവീസ്‌ നടത്തിയത്‌.

റിസർവ്‌ ചെയ്യുന്നവർക്കുമാത്രമേ‌ യാത്ര അനുവദി‌ക്കുള്ളൂ. കർശനമായ പരിശോധനയാണ്‌ സംസ്ഥാന  ആരോഗ്യ വകുപ്പും പൊലീസും ചേർന്ന്‌ റെയിൽവേ സ്‌റ്റേഷനിൽ നടപ്പാക്കുന്നത്‌. ട്രെയിനിൽ കയറുന്ന സമയത്ത്‌ തെർമൽ സ്‌ക്രീനിങ്ങുൾപ്പെടെ നടത്തും. പേരും വിവരങ്ങളും എടുത്തശേഷമാണ്‌  കയറാൻ അനുവദി‌ക്കുന്നത്‌. യാത്രക്കാർ  ഒന്നര മണിക്കൂർ മുമ്പേ സ്‌റ്റേഷനിലെത്തണം. ഒരേയിടത്ത്‌ നാലുപേരിൽ കൂടുതൽ ആളുകൾ ഇരിക്കാൻ പാടില്ല.  മാസ്‌ക്‌ ധരി‌ക്കണം. ഭക്ഷണം, വെള്ളം എന്നിവ കൂടെ കരുതണമെന്നുമാണ്‌ നിർദേശം.

പുറപ്പെടൽ കണ്ണൂരിൽനിന്ന് മാറ്റിയതിൽ ദുരൂഹത‌
കണ്ണൂർ –- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്‌പ്രസ്‌ പുറപ്പെടുന്നത്‌ അവസാന നിമിഷം കോഴിക്കോട്ടേക്ക്‌ മാറ്റിയതിൽ ദുരൂഹത. തിങ്കളാഴ്‌ച പുലർച്ചെ 4.50ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെടുമെന്നാണ്‌ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്‌. ഇതനുസരിച്ച്‌ റിസർവേഷൻ ബുക്കിങ്‌ സ്വീകരിക്കുകയും സുരക്ഷാ പരിശോധനയ്‌ക്കായി യാത്രക്കാർ ഒന്നര മണിക്കൂർ മുമ്പ്‌ സ്‌റ്റേഷനിലെത്തണമെന്ന്‌ അറിയിക്കുകയും ചെയ്‌തിരുന്നു.

ഞായറാഴ്ച രാത്രി വൈകുംവരെയും ട്രെയിൻ കണ്ണൂരിൽനിന്ന്‌ പുറപ്പെടുമെന്നു തന്നെയായിരുന്നു വിവരം. നിരവധി യാത്രക്കാർ രാത്രിതന്നെ സ്റ്റേഷനിലെത്തി. രാത്രി ഒന്നോടെയാണ്‌ ട്രെയിൻ കോഴിക്കോടുനിന്നാണ് യാത്ര പുറപ്പെടുകയെന്ന അറിയിപ്പ്‌ ലഭിക്കുന്നത്‌. യാത്രക്കാരോട് ഈ വിവരവും പറഞ്ഞില്ല. ആളുകൾ സ്റ്റേഷനിൽ നിൽക്കെയാണ്‌ ആരെയും കയറ്റാതെ ട്രെയിൻ കോഴിക്കോട്ടേക്കു പോയത്‌.

സംസ്ഥാന സർക്കാർ‌‌ ആവശ്യപ്പെട്ടതുകൊണ്ടാണ്‌ മാറ്റിയത്‌, ആരോഗ്യവകുപ്പ്‌ പരിശോധനാ സംവിധാനം ഒരുക്കിയില്ല തുടങ്ങിയ കള്ളങ്ങളാണ്‌ രാത്രിമുതൽ റെയിൽവേ അധികൃതർ പ്രചരിപ്പിച്ചത്‌. ആരോഗ്യവകുപ്പ്‌ സഹകരിക്കാത്തതിനാലാണ്‌ മാറ്റേണ്ടി വന്നതെന്ന്‌ റെയിൽവേ അധികൃതരെ ഉദ്ധരിച്ച്‌ ഒരു പത്രം വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഇതെല്ലാം കളവാണെന്ന്‌ ഇപ്പോൾ വ്യക്തമായി. പുലർച്ചെ രണ്ടിന്‌ പ്രത്യേക മെഡിക്കൽ സംഘത്തെ റെയിൽവേ സ്‌റ്റേഷനിലെത്തിക്കാൻ ആരോഗ്യ വകുപ്പ്‌ സജ്ജമാക്കി നിർത്തിയിരുന്നു. ഇവർ എത്തും മുമ്പാണ്‌ ട്രെയിൻ കോഴിക്കോട്ടുനിന്ന്‌ പുറപ്പെടാനുള്ള തീരുമാനമുണ്ടായത്‌. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന മാനിച്ചാണെന്ന പ്രചാരണം തിങ്കളാഴ്‌ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിതന്നെ പൊളിച്ചു.

മുൻകൂട്ടി ബുക്ക്‌ ചെയ്‌ത നൂറുകണക്കിനു യാത്രക്കാരെ വലച്ച്‌ മുന്നറിയിപ്പില്ലാതെ ട്രെയിൻ പുറപ്പെടുന്നത്‌ കോഴിക്കോട്ടേക്കു മാറ്റിയതെന്തിനാണെന്ന്‌ റെയിൽവേ അധികൃതർ  വിശദീകരിക്കേണ്ടതുണ്ട്‌. ആരാണ്‌ മുൻതീരുമാനത്തിൽനിന്ന്‌ റെയിൽവേയെ പിന്തിരിപ്പിച്ചത്. എന്തിന്‌ കുറ്റം സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ചുമലിലിടാൻ ശ്രമിച്ചു. ഈ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്‌.
 


പ്രധാന വാർത്തകൾ
 Top