11 July Saturday

വിക്‌ടേഴ്‌സിന്റെ വിസ്‌മയത്തിൽ കൈയിട്ടുവാരി യുഡിഎഫ്‌

വിജേഷ്‌ ചൂടൽUpdated: Tuesday Jun 2, 2020


തിരുവനന്തപുരം
മഹാമാരിക്കു നടുവിൽ നിൽക്കുന്ന നാട്ടിൽ വിദ്യാഭ്യാസത്തിന്റെ മഹാദൗത്യം ഏറ്റെടുത്ത്‌ വിസ്മയം തീർക്കുന്ന വിക്‌ടേഴ്‌സ്‌ ചാനൽ തങ്ങളുടെ സൃഷ്ടിയാണെന്ന ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ്‌ നേതാക്കളുടെ വാദം പരിഹാസ്യം. വിക്‌ടേഴ്‌സിന്റെ പിതൃത്വം ഏറ്റെടുക്കാൻ യുഡിഎഫിന്‌ തരിമ്പും അർഹതയില്ലായെന്ന്‌‌ ചാനലിന്റെ 14 വർഷത്തെ ചരിത്രം വ്യക്തമാക്കുന്നു. 

വിദ്യാഭ്യാസരംഗത്ത് ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗതി കൈവരിക്കാനും ഗ്രാമീണമേഖലയിൽ പഠന സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട്‌ 2004ൽ ഐഎസ്‌ആർഒ എഡ്യൂസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചു. ഇതിന്റെ സഹായത്തോടെ 12 സംസ്ഥാനങ്ങളിൽ തുടർസേവനങ്ങൾ ഒരുക്കാൻ രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുൾ കലാം മുൻകൈയെടുത്തു. ചാനലിന് ഐഎസ്ആർഒ ഉപകരണങ്ങളും സൗജന്യ ഉപഗ്രഹ സേവനവുമൊരുക്കി. അങ്ങനെയാണ്‌ 2005ൽ മറ്റു സംസ്ഥാനങ്ങളിൽ എന്നപോലെ കേരളത്തിലും ഉദ്‌ഘാടനച്ചടങ്ങ്‌ നടന്നത്‌. അബ്ദുൾകലാമിനൊപ്പംനിന്ന്‌ ഫോട്ടോ എടുത്തതല്ലാതെ ഉമ്മൻചാണ്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും ഇതിനായി സ്വപ്‌നം കാണുകയോ വിയർപ്പൊഴുക്കുകയോ ചെയ്‌തിട്ടില്ല. ഉദ്‌ഘാടനംചെയ്‌ത സംഗതി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന ഒരു ധാരണയും ഇല്ലായിരുന്നുവെന്നും വ്യക്തം.

കാലക്രമത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഈ ചാനൽ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ കേരളത്തിലിത് സമ്പൂർണ വിദ്യാഭ്യാസ ചാനലാക്കി കൂടുതൽ മികവോടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്‌ തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരുകളാണ്‌. തൊട്ടടുത്ത വർഷം അധികാരത്തിലേറിയ എൽഡിഎഫ്‌ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ ഇടപെടൽ വിക്ടേഴ്സിനെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ ചാനലാക്കി മാറ്റുന്നതിൽ നിർണായകമായി. 2006 ആഗസ്‌ത്‌ മൂന്നിനു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ വിക്‌ടേഴ്‌സ്‌ സമ്പൂർണ വിദ്യാഭ്യാസ ചാനൽ ഉദ്ഘാടനംചെയ്‌തത്‌. അന്ന്‌ ഡിടിഎച്ച് ആന്റിന ഉപയോഗിച്ച്‌ സ്‌കൂളുകളിൽ മാത്രമാണ്‌ ചാനൽ ലഭ്യമാക്കിയത്‌. 12 മണിക്കൂറായിരുന്നു ആദ്യ സംപ്രേഷണം. 2009ൽ പ്രാദേശിക കേബിൾ ശൃംഖലകളിൽ ലഭ്യമാക്കുകയും സംപ്രേഷണം 17 മണിക്കൂറായി വർധിപ്പിക്കുകയും ചെയ്‌തതും എൽഡിഎഫ്‌ സർക്കാരാണ്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top