06 June Saturday

ശബരിമല : സർക്കാരിന‌് മറ്റൊരു നിലപാട‌് എടുക്കാനാകില്ല: കോടിയേരി

പ്രത്യേക ലേഖകൻUpdated: Sunday Jun 2, 2019ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ സ്വീകരിച്ച നിലപാട‌് ശരിയായിരുന്നൂവെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മറിച്ചൊരു നിലപാട‌് സ്വീകരിക്കാൻ ഒരു സർക്കാരിനും കഴിയില്ല. സ്ത്രീപുരുഷ സമത്വം ഇടതുപക്ഷ നിലപാടാണ‌്.

കോടതിവിധിയെ കോൺഗ്രസും ബിജെപിയും ആദ്യം സ്വാഗതംചെയ‌്തു. വിധി നടപ്പാക്കുന്നതിനുള്ള ബാധ്യത ഏറ്റെടുക്കുക മാത്രമാണ‌് ചെയ‌്തത‌്. ചില സമുദായ സംഘടനകൾ എതിർപ്പുമായി വന്നപ്പോഴാണ‌് ഇത‌് സുവർണാവസരമായി കണ്ട‌് മറ്റ‌ു ചിലർ രംഗത്ത‌ു വന്നത‌്. കോൺഗ്രസും ബിജെപിയും അങ്ങനെയാണ‌് സമരത്തിൽ പങ്കാളികളായത‌്. പിന്നീട‌് വലിയതോതിൽ സർക്കാരിനെതിരെ പ്രചാരണം നടത്തി.

ഈ സമയത്താണ‌് മുഖ്യമന്ത്രി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചുകൂട്ടിയത‌്. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വനിതാമതിൽ വമ്പിച്ച വിജയമായിരുന്നു. ഇത‌ിലൂടെ ആർഎസ‌്എസ‌് അജൻഡ തകർക്കാൻ കഴിഞ്ഞു. വനിതാമതിൽ സംഘടിപ്പിച്ച ജനുവരി ഒന്നിന‌ുശേഷം വേണ്ടത്ര പ്രചാരണം നടത്താൻ കഴിയാതെ പോയെന്ന‌് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇത‌് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. വീടുവീടാന്തരം കയറി കോൺഗ്രസും ആർഎസ‌്എസും പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട‌് വിഷയം ദേശീയശ്രദ്ധയിലേക്ക‌് കൊണ്ടുവന്നു. ഈ പ്രചാരണത്തിൽ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികളിൽ ഒരു വിഭാഗം ഇടതുപക്ഷത്തിനെതിരെ വോട്ട‌് ചെയ‌്തിട്ടുണ്ട‌്.

പാർടിയുമായി ബന്ധമില്ലാത്ത വിഷയങ്ങൾ പാർടിയുടെ തലയിൽ കെട്ടിവയ‌്ക്കാനും ശ്രമം നടന്നു. ശബരിമല കയറിയ യുവതികൾക്ക‌് പാർടിയുമായി ഒരു ബന്ധവുമില്ല. പിഎസ‌്സിയുടെ ചോദ്യം തയ്യാറാക്കുന്നതിലും സിപിഐ എമ്മിന‌് ബന്ധമില്ല. എ കെ ജി സെന്ററിൽ അല്ല പിഎസ‌്സി ചോദ്യം തയ്യാറാക്കുന്നത‌്.  ‘വർഗീയത വീഴും വികസനം വാഴും’ എന്നതായിരുന്നു സിപിഐ എം മുദ്രാവാക്യം. ബിജെപിക്ക‌് ഒരു സീറ്റിലും വിജയിക്കാൻ കഴിയാത്തതിൽനിന്ന‌് വർഗീയത വീഴും എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കാൻ കഴിഞ്ഞു.

തെരഞ്ഞെടുപ്പിൽ പരാജയമുണ്ടാകുമ്പോൾ ആരുടെയെങ്കിലും ശൈലി മാറ്റം, രൂപ മാറ്റം എന്നിവ ആവശ്യപ്പെടുന്നത‌് സ്വാഭാവികമാണ‌്. പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം 13 തദ്ദേശ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫാണ‌് വിജയിച്ചത‌്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ചരിത്രവിജയമാണ‌് കൈവരിച്ചത‌്. പിണറായി വിജയൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ‌് 2004ൽ 18 സീറ്റിൽ എൽഡിഎഫ‌് വിജയിച്ചത‌്. രാഷ്ട്രീയപ്രശ‌്നങ്ങളുടെ അടിസ്ഥാനത്തിലുള്ള നിലപാടാണ‌് തെരഞ്ഞെടുപ്പ‌് പരാജയവും വിജയവും നിർണയിക്കുന്നത‌്. ഏതെങ്കിലും ഒരു വ്യക്തിയുടെ സമീപനത്തിന്റെ അടിസ്ഥാനത്തിലല്ല. പരാജയം ഏതെങ്കിലും വ്യക്തിയുടെ തലയിൽ കെട്ടിവച്ച‌് രക്ഷപ്പെടുന്നത‌് പാർടിയെ ശിഥിലീകരിക്കും. തിരിച്ചടിയെ നേരിട്ട‌് മുന്നോട്ടുപോകും. ലോക‌്സഭയിലേക്ക‌് നടന്ന 16 തെരഞ്ഞെടുപ്പിൽ 11 തവണയും കോൺഗ്രസ‌് മുന്നണിക്കാണ‌് കേരളത്തിൽ ഭൂരിപക്ഷം കിട്ടിയത‌്. നാല‌ുതവണമാത്രമാണ‌് എൽഡിഎഫ‌് മുൻതൂക്കം നേടിയത‌്. 1996ൽ എൽഡിഎഫിനും യുഡിഎഫിനും പത്ത‌് സീറ്റ‌ുവീതം കിട്ടി. ലോ‌ക‌്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച‌് തെരഞ്ഞെടുപ്പ‌് നടന്നപ്പോൾ എൽഡിഎഫിനാണ‌് കൂടുതൽ വോട്ട‌് കിട്ടിയത‌്.  1977ൽ എൽഡിഎഫിന‌് ഒരു സീറ്റും കിട്ടിയില്ല. 84ൽ ദേശീയതലത്തിൽ കോൺഗ്രസ‌് തരംഗമായിരുന്നു. 1979ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ‌് വിജയിച്ചു. 1987ലും എൽഡിഎഫിനാണ‌് നിയമസഭയിൽ ഭൂരിപക്ഷം കിട്ടിയത‌്. തിരിച്ചടി അതിജീവിച്ച ചരിത്രമാണ‌് ഇതെല്ലാം തെളിയിക്കുന്നത‌്.

ജമാഅത്തെ ഇസ്ലാമി, എസ‌്ഡിപിഐ, ആർഎസ‌്എസ‌് ഇവരെല്ലാം ചേർന്ന‌് നടത്തിയ പ്രവർത്തനമാണ‌് യുഡിഎഫിന്റെ വിജയത്തിന‌് കാരണം.
കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി പാർടിയെ ചിത്രീകരിക്കാനും ശ്രമം നടന്നിട്ടുണ്ട‌്. തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനം പാർടി പ്രവർത്തകർ ഒരുവിധ അക്രമങ്ങളിലും പങ്കാളികളാകാൻ പാടില്ലെന്ന‌് തീരുമാനിച്ചതാണ‌്. എന്നാൽ, അത‌് അനുഭാവികൾ ഉൾപ്പെടെയുള്ള അണികളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനത്തിന‌് ആവശ്യമായ ആശയ പ്രചാരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top