22 October Tuesday

ജോസഫിന്റെയും ജോസിന്റെയും കോലം തെരുവിൽ കത്തുന്നു

ഡി ദിലീപ‌്Updated: Sunday Jun 2, 2019



കോട്ടയം
കേരള കോൺഗ്രസിന്റെ ആക്ടിങ‌് ചെയർമാനായി ചുമതലയേറ്റതായി പി ജെ ജോസഫ‌് തെരഞ്ഞെടുപ്പ‌് കമീഷനും സ‌്പീക്കർക്കും നൽകിയ കത്ത‌് തെരുവിൽ കത്തുന്നു. സംസ്ഥാന കമ്മിറ്റിയോട‌് ആലോചിക്കാതെ കത്ത‌് നൽകിയെന്ന‌് ആരോപിച്ച‌് ജോസ‌് കെ മാണി വിഭാഗം കടുത്തുരുത്തിയിലും കോട്ടയം ഗാന്ധി സ‌്ക്വയറിലും ജോസഫിന്റെ കോലവും കത്തിന്റെ പകർപ്പും കത്തിച്ചു. എതിർ വിഭാഗം കടുത്തുരുത്തിയിൽ ജോസ‌് കെ മാണിയുടെ കോലവും കത്തിച്ചു.

തെരഞ്ഞെടുപ്പ‌് കമീഷനും സ‌്പീക്കർക്കും പി ജെ ജോസഫ‌് കത്തു നൽകിയത‌് പാർടിയിൽ ആലോചിക്കാതെയാണെന്ന‌് ജോസ‌് കെ മാണി എംപി പ്രതികരിച്ചു. ആക‌്ടിങ‌് ചെയർമാൻ, താൽക്കാലിക ചെയർമാൻ, ചെയർമാൻ ഇൻ ചാർജ‌് എന്നിങ്ങനെയുള്ള പദവികൾ പാർടി ഭരണഘടനയിലില്ലെന്നും ജോസ‌് പറഞ്ഞു. അതേസമയം അച്ചടക്കലംഘനം ആരോപിച്ച‌് ജോസ‌് പക്ഷക്കാരെ പുറത്താക്കാൻ നീക്കം ശക്തമായി. പരസ്യപ്രതികരണത്തിൽ അച്ചടക്കനടപടി എടുക്കുമെന്ന ജോസഫിന്റെ നിലപാട‌് ഇതിന്റെ സൂചനയാണ‌്‌.

ജോസഫിന്റെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ്‌ ജയകൃഷ്‌ണൻ പുതിയേടത്തിനെ നീക്കിയതായി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top