19 October Saturday

കാലവർഷ മുന്നൊരുക്കം : ഡാം ഷട്ടറുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നു

കെ ടി രാജീവ‌്Updated: Sunday Jun 2, 2019


ഇടുക്കി
കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസംഭരണികളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നു. ഡാം ഷട്ടർ ഗേറ്റുകളുടെ അറ്റകുറ്റപ്പണികളാണ‌് പ്രധാനമായും നടത്തുന്നത‌്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചെറുതോണി ഡാമിലെ അഞ്ച‌് ഷട്ടറുകളുടെയും ചെറുകിട ഡാമുകളായ കല്ലാറിന്റെയും ഇരട്ടയാറിന്റെയും പണി പൂർത്തിയായി. കൂടാതെ കല്ലാർകുട്ടി, മാട്ടുപ്പെട്ടി, പൊന്മുടി, ലോവർപെരിയാർ പാംബ്ല, മലങ്കര തുടങ്ങിയ ഡാം ഷട്ടറുകളിലും ടണലുകളിലുമുള്ള അറ്റകുറ്റപ്പണികൾ നടക്കുകയാണ‌്. ഇത‌് ഒരാഴ‌്ചക്കുള്ളിൽ പൂർത്തിയാകുമെന്ന‌് കെഎസ‌്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത‌് വെള്ളം തുറന്നുവിടേണ്ട ഗേറ്റ‌് ഷട്ടർ ഉയർത്തിയും താഴ‌്ത്തുകയും ചെയ്യുന്ന പ്രവർത്തനമാണ‌് ചെറുതോണി, കല്ലാർ, ഇരട്ടയാർ സംഭരണികളിൽ നടന്നത‌്. ഷട്ടർ ഉയർത്തുന്നത‌് വൈദ്യുതി കൊണ്ട‌് പ്രവർത്തിക്കുന്ന ജനറേറ്റർ കൊണ്ടാണ‌്. എന്നാൽ വൈദ്യുതി ഇല്ലാതെപോയാൽ പ്രവർത്തിപ്പിക്കുന്നതിന‌് 82.5 കിലോവാട്ട‌് ശേഷിയുള്ള പുതിയ ജനറേറ്റർ ഇത്തവണ ചെറുതോണിയിൽ സജ്ജമാക്കിയിട്ടുണ്ട‌്. പകരമായാണ‌് ഈ സംവിധാനം. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ദിവസം ചെറുതോണി ഷട്ടർ തുറന്നുവച്ചത‌് ഇക്കഴിഞ്ഞ കാലവർഷ സമയത്താണ‌്. 2018 ആഗസ‌്ത‌് ഒമ്പത‌് മുതൽ വിവിധ ഘട്ടങ്ങളിലായി ഒരുമാസം അഞ്ച‌് ഷട്ടറുകളും തുറന്നിരുന്നു. ഇടുക്കിയുടെ സംഭരണ മുന്നൊരുക്കം നടത്തിയത‌്. കുളമാവ‌് ഡാമിലെ ഡിസ‌്പോസിബിൾ വാൽവും പരിശോധിച്ചു.

കല്ലാർകുട്ടിയിൽ ജനറേറ്റർ ഉൾപ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ ഒരുമാസം മുമ്പേ തുടങ്ങിയിരുന്നു. ഒരാഴ‌്ചകൊണ്ട‌് പൂർത്തിയാവും. ഷട്ടർ ഉയർത്താൻ ഇവിടെ ഇലക്ടിക‌് സംബ്രദായത്തിനു പുറമെ കൈകൊണ്ട‌് പ്രവർത്തിപ്പിക്കാനും സംവിധാനമുണ്ട‌്. പനംകുട്ടി, പെരിഞ്ചാംകുട്ടി, മുതിരപ്പുഴ എന്നിവിടങ്ങളിലെ വെള്ളംകൊണ്ട‌് പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതിയായ ലോവർ പെരിയാറിലും പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. ടണൽ പ്രവേശന കവാടം വൃത്തിയാക്കലും നടക്കുന്നു. മഴ കനക്കുംമുമ്പേ  മറ്റ‌് ചെറുകിട ഡാമുകളിലും നിർമാണ പ്രവർത്തനങ്ങളിലൂടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ‌്  വൈദ്യുതി ബോർഡ‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top