24 August Saturday

സംസ്ഥാനത്ത് 81 ശതമാനം പദ്ധതിച്ചെലവ്: മന്ത്രി തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 2, 2019

കൊല്ലം > സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിച്ചെലവ് കഴിഞ്ഞ സാമ്പത്തിക വർഷം 81 ശതമാനമാണെന്ന്  ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.  കഴിഞ്ഞ ഏഴുദിവസത്തിനകം രണ്ടു ലക്ഷം ബില്ലുകൾ ട്രഷറി പാസ്സാക്കി. ഈ ഇനത്തിൽ 6719 കോടി രൂപ വിനിയോഗിച്ചു. 2980 കോടി രൂപയുടെ പെൻഷൻ കഴിഞ്ഞ വർഷം വിതരണംചെയ്തു. ജിഎസ്ടി ഏർപ്പെടുത്തിയതുമൂലം സംസ്ഥാനത്തിന് നഷ്ടമായ നികുതി വരുമാനം ഉടനെ തിരിച്ചുപിടിക്കാനാകും.  ട്രഷറിയിൽ ഇപ്പോഴുള്ള എല്ലാ ബില്ലുകളും 15 നകം പാസ്സാക്കി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു. കൊല്ലം പ്രസ്‌ക്ലബ്ബിൽ ‘ജനവിധി 2019’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജിഎസ്ടി നടപ്പാക്കിയ ശേഷം ഇ- വെ ബിൽ പരിശോധിക്കാനുള്ള മാർഗം മുടങ്ങിയത‌് നികുതി വരുമാനം നഷ്ടപ്പെടാൻ കാരണമായി. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് ജിഎസ്ടി നേട്ടമാകുമെന്ന ധാരണ ഫലം ഉണ്ടാക്കിയില്ല. ഇതുണ്ടാക്കിയ പ്രതിസന്ധി അതിവേഗം അതിജീവിക്കാനാകും. 30,000 രൂപയുടെ ഇൻഷുറൻസ് അഞ്ചു ലക്ഷം  രൂപയായി വർധിപ്പിച്ച് നടപ്പാക്കാൻ കഴിഞ്ഞത് സർക്കാരിന്റെ പ്രധാനനേട്ടമാണ്. 1000 കോടി രൂപ ഇതിനായി ചെലവാക്കുമ്പോൾ 100 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകുക.

വിഷു, -ഈസ്റ്റർ പെൻഷൻ വിതരണം തുടങ്ങി. അഞ്ചു മാസത്തെ പെൻഷൻ തുകയായ 5600 രൂപയാണ് ഒരാൾക്ക് കിട്ടുക. നടപ്പാകുമെന്ന് ഉറപ്പുള്ള പദ്ധതികൾ മാത്രമാണ് പ്രഖ്യാപിക്കുന്നത്. കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തത ഉണ്ടാകില്ല. പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല പറയുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ല. പ്രവാസി ചിട്ടിക്ക്  പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ‌് ലഭിക്കുന്നത്.  കിഫ്ബി നാടിന്റെ മുഖഛായ മാറ്റുമ്പോൾ നേട്ടം എൽഡിഎഫിനാകുമോ എന്ന ആശങ്കയാണ് ആക്ഷേപത്തിന് അടിസ്ഥാനം. വിദേശ നിക്ഷേപത്തിനുള്ള പ്രധാന സ്രോതസായി മസാല ബോണ്ട് മാറുന്നുവെന്നും ഐസക് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top