22 January Saturday

ഇടപ്പള്ളിയിൽ നാലുനിലക്കെട്ടിടത്തിന്‌ തീപിടിച്ചു; 10 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


കൊച്ചി
ഇടപ്പള്ളി കുന്നുംപുറം സിഗ്‌നലിനുസമീപമുള്ള നാലുനിലക്കെട്ടിടത്തിന്‌ തീപിടിച്ച്‌ 10 പേർക്ക്‌ പരിക്ക്‌. ആരുടെയും നില ഗുരുതരമല്ല. രക്ഷപ്പെടാനായി താഴേക്കു ചാടിയ രണ്ട്‌ സ്‌ത്രീകൾക്ക്‌ പരിക്കേറ്റു. നിരീക്ഷണത്തിലുള്ള ഒരാളെയൊഴികെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. കെട്ടിടം ഭാഗികമായി നശിച്ചു. 80 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.

ചൊവ്വ രാവിലെ ഏഴോടെയാണ്‌ സംഭവം. ജങ്‌ഷനുസമീപമുള്ള അമൃത അവന്യു ലോഡ്‌ജിനാണ്‌ തീപിടിച്ചത്‌. ഷീറ്റിട്ട മേൽക്കൂരയുൾപ്പെടെ നാലുനിലകളാണ്‌ കെട്ടിടത്തിനുള്ളത്‌.  താഴത്തെ നിലയിൽ വസ്‌ത്രവ്യാപാരസ്ഥാപനമാണ്‌. ബാക്കിയുള്ള നിലകൾ ലോഡ്‌ജാണ്‌. രണ്ടാംനിലയിലെ മുറിയിലാണ്‌ തീപിടിച്ചത്‌. ഇത്‌ അതിവേഗം മറ്റു ഭാഗങ്ങളിലേക്ക്‌ പടർന്നു. 35 പേരിലധികം ഇവിടെ താമസക്കാരായി ഉണ്ടായിരുന്നു. മിക്കവരും ഇറങ്ങിയോടി. ഉള്ളിലുള്ളവർക്ക്‌ പുകമൂലം ഒന്നുംകാണാൻ കഴിയാത്ത സ്ഥിതിയായി. രക്ഷാപ്രവർത്തനത്തിന്‌ ഓടിയെത്തിയവർ കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ തകർത്ത്‌ പുക പോകാനുള്ള സംവിധാനം ഒരുക്കി. സ്‌ത്രീകളെ രക്ഷപ്പെടുത്താനായി താഴെയുള്ള കടയുടെ മേൽക്കൂരയിൽ കിടക്കകൾ ഇട്ടു. രണ്ടാംനിലയിൽനിന്ന്‌ ഇതിലേക്ക്‌ ചാടിയാണ്‌ രക്ഷപ്പെട്ടത്‌. കെട്ടിടത്തിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. കെട്ടിടത്തിൽ അഗ്നിരക്ഷാസംവിധാനവും ഇല്ലായിരുന്നു. ആലുവ, തൃക്കാക്കര, ഗാന്ധിനഗർ, ഏലൂർ ഫയർ സ്‌റ്റേഷനുകളിൽനിന്ന്‌ അഗ്നി രക്ഷാസേനയുടെ അഞ്ച്‌ യൂണിറ്റ്‌ എത്തി ഒന്നരമണിക്കൂറോളം ശ്രമിച്ചാണ്‌ തീ നിയന്ത്രിച്ചത്‌.

അടുത്തുള്ള ട്രാൻസ്‌ഫോർമറിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച കെഎസ്‌ഇബി ലൈൻമാൻ വി കെ വിനോദ്‌ കൂടുതൽ അപകടം ഒഴിവാക്കി. വിനോദ്‌ ഭാര്യയുമായി ആശുപത്രിയിൽ പോകുമ്പോഴായിരുന്നു അപകടം. ഉടൻ കെട്ടിടത്തിലേക്കുള്ള ഫ്യൂസുകൾ ഊരിമാറ്റി.
സംഭവത്തിൽ ചേരാനല്ലൂർ പൊലീസ്‌ കേസ്‌ എടുത്തു. ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കരുതുന്നതായും സാങ്കേതികവിദഗ്‌ധരുടെ പരിശോധനയിലേ സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ്‌ പറഞ്ഞു. മേയർ എം അനിൽകുമാർ,  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, ലോക്കൽ സെക്രട്ടറി കെ വി അനിൽകുമാർ, കൗൺസിലർ അംബിക സുദർശനൻ, ടി ജെ വിനോദ്‌ എംഎൽഎ എന്നിവർ സ്ഥലം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top