30 September Saturday
കേരളം ചോദിക്കുന്നത്‌ ഔദാര്യമല്ല, അവകാശം

കേരളത്തെ തകർക്കാൻ അവിശുദ്ധ കൂട്ടുകെട്ട്‌ ; വികസനം തടയാൻ കേന്ദ്രത്തെ ഇടപെടുവിക്കുന്നു : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


തിരുവനന്തപുരം  
കേരളത്തിന്റെ വികസനം തടയാൻ  ബിജെപിയും  കോൺഗ്രസും മുസ്ലിംലീഗും  ജമാ അത്തെ ഇസ്ലാമിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ട്‌ പ്രവർത്തിക്കുകയാണെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം ഒരിഞ്ച്‌  മുന്നോട്ട്‌ പോകാതിരിക്കാൻ ഒരേ സ്വരത്തിൽ ഇവർ സംസാരിക്കുന്നു. വികസന പദ്ധതികൾ തകർക്കാൻ കേന്ദ്ര സർക്കാരിനെ ഇടപെടുവിക്കുന്നു. അർധ അതിവേഗ പാതയിലടക്കം ഈ മാറ്റം കാണാം. തങ്ങൾ വിചാരിച്ചിടത്ത്‌ കാര്യങ്ങളെത്തിക്കാൻ എന്ത്‌ നെറികേടും കാണിക്കുമെന്ന്‌ തെളിയിച്ച അധഃപതിച്ച  രാഷ്‌ട്രീയ കൂട്ടുകെട്ടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തോടുള്ള  കേന്ദ്ര അവഗണനയ്‌ക്കെതിരായ എൽഡിഎഫിന്റെ രാജ്‌ഭവൻ  ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അവിശുദ്ധ കൂട്ടുകെട്ടിന്റെ എല്ലാ കുപ്രചാരണങ്ങളും തള്ളിയാണ്‌  ജനങ്ങൾ  എൽഡിഎഫിന്‌ ഭരണത്തുടർച്ച നൽകിയത്‌. ഇത്‌ അവരെ വല്ലാതെ നിരാശപ്പെടുത്തി. നിരാശ പകയായി. ഭരണത്തുടർച്ചയ്‌ക്ക്‌ കാരണം സർക്കാരിന്റെ  വികസന പ്രവർത്തനങ്ങളാണെന്ന്‌ വിശകലന വിദഗ്‌ധരുടെ സഹായത്തോടെ കണ്ടെത്തി.  അതോടെ ഒരു കാര്യവും ഇവിടെ നടക്കാൻ പാടില്ലെന്ന്‌ തീരുമാനിച്ചു. സാധാരണ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മാത്രം കാണാറുള്ള അവിശുദ്ധസഖ്യം ശക്തിപ്പെടുത്തി വികസന പ്രവർത്തനങ്ങൾക്കെതിരെ കുപ്രചാരണം അഴിച്ചുവിടുകയാണ്‌. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ തങ്ങൾക്ക്‌  അനുകൂലമാക്കി. അർധഅതിവേഗ റെയിൽ പാത, ശബരിപാത, ശബരിമല വിമാനത്താവളം,  കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറി, വിമാനത്താവളങ്ങൾ തുടങ്ങിയ വികസന പദ്ധതികളിലെല്ലാം കേന്ദ്രം എതിരുനിൽക്കുന്നു.  കേരളമായതിനാൽ മാത്രം വികസനം  നടപ്പാകുന്നില്ല, ഒരു വികസനവും ഇവിടെ വേണ്ട എന്നാണിവരുടെ പ്രഖ്യാപനം. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചോദ്യത്തിന്‌  ഉത്തരവുമില്ല.

ഫെഡറൽ സംവിധാനത്തിന്‌ എതിരായ നിലപാടാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌. സംതൃപ്‌തമായ സംസ്ഥാനമാണ്‌ ഫെഡറലിസത്തിന്റെ പരമലക്ഷ്യം. എന്നാൽ സംസ്ഥാനങ്ങൾക്ക്‌ സംതൃപ്‌തി വേണ്ടെന്ന നിലപാടാണ്‌ കേന്ദ്രത്തിന്‌.  ഇത്‌ കേരളത്തെ ഏറെ വേദനിപ്പിക്കുന്നതാണ്‌. ഔദാര്യമല്ല, അവകാശമാണ്‌ കേരളം  ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർ ലെെൻ നേട്ടമല്ലാതെ 
കോട്ടമൊന്നുമില്ല
സിൽവർ ലെെൻ പദ്ധതികൊണ്ട്‌ കേരളത്തിന്‌ നേട്ടമല്ലാതെ കോട്ടമൊന്നും ഉണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി പൂർണമായും  സംരക്ഷിച്ചാണ്‌ പദ്ധതി. ഒരു നെൽവയലും കൃഷിയും തോടും പുഴയും നശിപ്പിക്കില്ല. ഒരിടത്തും പരിസ്ഥിതി ലോല പ്രദേശത്തുകൂടെയോ, വന്യ ജീവി മേഖലയിലൂടെയോ കടന്നുപോകുന്നില്ല. സമ്പൂർണ ഹരിത പദ്ധതിയാണിത്‌. ഭൂമി ഏറ്റെടുക്കുമ്പോൾ വിഷമമനുഭവിക്കുന്നവർക്ക്‌ മാന്യമായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാത്രവണ്ടിക്കൊപ്പം ചരക്കുവണ്ടിയും ഇതുവഴി  പോകുന്നതിനാൽ റോഡിൽ വാഹനങ്ങൾ കുറയും. ഇത്‌ കാർബൺ ബഹിർഗമനത്തിൽ വലിയ  കുറവുണ്ടാക്കും. കാസർകോട്‌ മുതൽ തിരൂർവരെ നിലവിലെ റെയിൽപാതയ്‌ക്ക്‌ സമാന്തരമാണ്‌. തിരൂരിൽനിന്ന്‌ തിരുവനന്തപുരംവരെ വളവുകളും പട്ടണങ്ങളും  വലി യ കെട്ടിടങ്ങളും കൂടുതലായതിനാൽ സമാന്തര പാത സാധ്യമല്ല. പാത നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ അരലക്ഷത്തോളം പേർക്കും പൂർത്തീകരണ ഘട്ടത്തിൽ 11,000 പേർക്കും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top