05 December Thursday

വാളയാർ പീഡനം : രണ്ടാമത്തെ വിധിയിലും രക്ഷിതാക്കളുടെ മൊഴി വിശ്വാസത്തിലെടുത്തില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019


സ്വന്തം ലേഖകൻ
വാളയാർ അട്ടപ്പള്ളത്ത്‌ പ്രായപൂർത്തിയാകാത്ത രണ്ടു സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചകേസിൽ ആദ്യവിധിയിലെ കാര്യങ്ങൾ രണ്ടാമത്തെ  ഉത്തരവിലും ആവർത്തിച്ച്‌ പാലക്കാട്‌ പോക്‌സോ കോടതി.  ഇളയകുട്ടി മരിച്ച ഈ കേസിലും രക്ഷിതാക്കളുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തില്ല. മൊഴിയിലെ വൈരുധ്യം പ്രതികൾക്ക്‌ അനുകൂലമായി. ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളെയാണ്‌ വിട്ടയച്ചത്‌. എന്തുകൊണ്ട്‌ രണ്ടാനച്ഛന്റെയും അമ്മയുടെയും മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നും വിധിയിൽ വ്യക്തമാക്കി.

പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയെങ്കിലും അതിനുകാരണം ലൈംഗികപീഡനമാണെന്ന്‌ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.

മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ 2016 ആഗസ്‌തിൽ ഷിബു എന്നയാൾ ഇവരുടെ വീട്ടിൽ ഉറങ്ങിയതായും രാത്രി പതിനൊന്നോടെ മൂത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും രക്ഷിതാക്കളും അയൽവാസിയും മൊഴി നൽകി. എന്നാൽ പൊലീസിൽ പരാതിപ്പെട്ടില്ല.

ഷിബുവിനെ നാലാംസാക്ഷി അമ്മ അടിക്കുന്നത്‌ കണ്ടതായും സാക്ഷിമൊഴിയുണ്ട്‌.  ഇക്കാര്യം രണ്ടാനച്ഛൻ അടുത്ത ബന്ധുക്കളോട്‌ പറഞ്ഞിരുന്നു. പൊലീസിൽ പറയാത്തത്‌ പെൺകുട്ടിയുടെ ഭാവിയെ ഓർത്താണെന്നാണ്‌ അമ്മയുടെ മൊഴി. സംഭവത്തിനുശേഷം ഷിബു വീട്ടിൽ വരുന്നത്‌ ഇളയപെൺകുട്ടിയുടെ മരണസമയത്താണെന്ന രക്ഷിതാക്കളുടെ മൊഴിയും പ്രതികൾക്ക്‌ അനുകൂലമായി. ഇടുക്കി രാജാക്കാട്‌ സ്വദേശിയാണ്‌ ഷിബു.

അമ്മയുടെ മൊഴി തള്ളാൻ എതിർവിസ്‌താരത്തിൽ പ്രതിഭാഗം നിരവധി വാദങ്ങളുയർത്തി. അതിനെതിരെ തെളിവ്‌ നിരത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. കൊലപാതകത്തിലേക്ക്‌ നയിക്കുന്ന ഒരു സാക്ഷിമൊഴിയും ഉണ്ടായില്ല. വിധിന്യായത്തിൽ എവിടെയും കൊലപാതകമെന്ന പരാമർശവുമില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top