13 December Friday

സിദ്ദിഖിന്റെ ഭൂമിതട്ടിപ്പ്‌: റിപ്പോർട്ട്‌ ഇന്ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2019


കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്‌ ഉൾപ്പെട്ട  ഭൂമിതട്ടിപ്പിനെക്കുറിച്ച്‌ പൊലീസ്‌  റിപ്പോർട്‌  വെള്ളിയാഴ്‌ച കൈമാറും. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുൾറസാഖാണ്‌ വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ഇത്‌  കോഴിക്കോട്‌ റൂറൽ എസ്‌പി കെ ജി സൈമണ്‌ കൈമാറും.  

സിദ്ദിഖ്‌, ഡിസിസി ജനറൽ സെക്രട്ടറി ഹബീബ്‌ തമ്പി, കെപിസിസി നിർവാഹകസമിതി അംഗം എൻ കെ അബ്ദുറഹ്മാൻ എന്നിവരെയും ചോദ്യം ചെയ്‌തിരുന്നു.  പരാതിക്കാരനായ എ എച്ച്‌ ഹാഫിസിൽനിന്ന്‌  മൊഴിയെടുത്തു.  ഭൂമി തട്ടിപ്പും വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട്‌ പരാതിക്കിടയായ ട്രസ്‌റ്റിലെ ചിലരെയും  ചോദ്യംചെയ്‌തു.  ഇവ വിശദമാക്കുന്ന റിപ്പോർട്ട്‌ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച്‌ ഭാവി നടപടികൾ തീരുമാനിക്കും.

റിട്ട. ജുഡീഷ്യൽ മജിസ്ട്രേട്ട്‌ ലിങ്കൺ എബ്രഹാമിന്റെ മരണത്തിൽ ദുരൂഹത, ഭൂമിതട്ടിപ്പ്‌  ഇവ   ചൂണ്ടിക്കാട്ടി ഹാഫിസ്‌ നൽകിയ പരാതിയിൽ കഴിഞ്ഞയാഴ്‌ചയാണ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌. ഡിജിപിക്ക്‌ കിട്ടിയ പരാതി വടകര റൂറൽ എസ്‌പിക്ക്‌ കൈമാറുകയായിരുന്നു. 

ലിങ്കൺ എബ്രഹാമിന്റെ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാൻ, സഹോദരൻ ഫിലോമെൻ എബ്രഹാമിന് ഇടനിലക്കാരായി പ്രവർത്തിച്ചു എന്നാണ് സിദ്ദിഖടക്കം കോൺഗ്രസ്‌ നേതാക്കൾക്കെതിരായ പരാതി. ഇതിന്‌ പ്രതിഫലമായി കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഒരേക്കർ ഭൂമി ലഭിച്ചു. 2015 സെപ്‌തംബർ 22ന്‌ താമരശേരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്‌ത്‌ ഭൂമി ഇവർ സ്വന്തമാക്കി. ദേശീയപാതയിൽ താമരശേരി ചുങ്കത്തിനടുത്തായി കോടികൾ വിലമതിക്കുന്ന ഭൂമിയാണിത്‌.


പ്രധാന വാർത്തകൾ
 Top