24 October Saturday

ബിപിസിഎൽ വിൽപ്പന: അവസാന തീയതി വീണ്ടും നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


കൊച്ചി
ബിപിസിഎലിന്റെ വിൽപ്പനയ്‌ക്കുള്ള താൽപ്പര്യപത്രം സമർപ്പിക്കാനുള്ള അവസാനതീയതി വീണ്ടും നീട്ടി. കമ്പനിയുടെ ഓഹരികളിൽ താൽപ്പര്യം കാണിക്കുന്ന നിക്ഷേപകർ ആവശ്യപ്പെട്ടിട്ടാണ്‌ മൂന്നാംവട്ടവും തീയതി നീട്ടിയതെന്നാണ്‌ കേന്ദ്ര ഓഹരി വിൽപ്പന മന്ത്രാലയത്തിന്റെ വിശദീകരണം. 

കമ്പനിയുടെ 52.98 ശതമാനം ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ പതിമൂന്നിനകം താൽപ്പര്യപത്രം സമർപ്പിക്കണമെന്നാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്‌. പിന്നീടത്‌ ജൂലൈ 31ലേക്ക്‌ നീട്ടി. കുറഞ്ഞ വില നിശ്‌ചയിച്ചിട്ടും രണ്ടാംതവണയും ആരും താൽപ്പര്യപത്രം സമർപ്പിച്ചില്ല. ഏറ്റവുമൊടുവിൽ സെപ്‌തംബർ 30നാണ്‌ അവസാനതീയതി നിശ്‌ചയിച്ചത്‌. ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ്‌ വീണ്ടും തീയതി നീട്ടി ഉത്തരവിറക്കിയത്‌. കോവിഡ്‌ വ്യാപനം ബിപിസിഎൽ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചെന്നും ഉത്തരവിൽ പറയുന്നു. 

താൽപ്പര്യമുള്ള നിക്ഷേപകർ ഇനിയും മടിച്ചാൽ കേന്ദ്രസർക്കാർ കണക്കുകൂട്ടിയതുപോലെ വിൽപ്പന പൂർത്തിയാകില്ല. തൊഴിലാളികൾക്കിടയിലും വലിയ പ്രതിഷേധമാണുള്ളത്‌. ബിപിസിഎലിലെ സ്വകാര്യവൽക്കരണവിരുദ്ധ പ്രക്ഷോഭങ്ങൾ ഇതിനകം രാജ്യശ്രദ്ധയും നേടിക്കഴിഞ്ഞു. രാജ്യത്തെ മുഴുവൻ തൊഴിലാളി സംഘടനകളും രാഷ്‌ട്രീയഭേദമില്ലാതെ ബിപിസിഎൽ സ്വകാര്യവൽക്കരണത്തെ പരസ്യമായി എതിർക്കുന്നതും വിൽപ്പനനീക്കങ്ങൾ മന്ദീഭവിക്കാൻ കാരണമായതായി വിലയിരുത്തുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്‌ കീഴിലെ ഓഹരി വിറ്റഴിക്കൽ മന്ത്രാലയം‌ 2022 ഏപ്രിലോടെ വിൽപ്പന പൂർത്തിയാക്കാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. താൽപ്പര്യപത്രം കിട്ടിയാൽ മൂന്നുമാസത്തിനുള്ളിൽ വസ്‌തുവകകളുടെ മൂല്യനിർണയം പൂർത്തിയാക്കി‌ ആറോ ഏഴോ മാസത്തിനുള്ളിൽ ഫിനാൻഷ്യൽ ബിഡ്‌ പ്രഖ്യാപിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top