21 October Wednesday
ഐ ഗ്രൂപ്പ് നേതാവിന്റെ ഭാര്യക്ക് നിയമനമില്ല

മിൽമ: അകത്ത്‌ ഭരണവും പുറത്ത്‌ സമരവുമായി കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


കളമശേരി
കോൺഗ്രസ് ഭരണത്തിലുള്ള മിൽമ എറണാകുളം മേഖലാ യൂണിയനെതിരെ കളമശേരിയിൽ ഐ ഗ്രൂപ്പ് നേതാവും കെപിസിസി നിർവാഹക സമിതി അംഗവുമായ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ സമരം. ഐ ഗ്രൂപ്പ് നേതാവിന്റെ ഭാര്യക്ക് നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സമരത്തിൽ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ചു. ജില്ലാ നേതൃത്വത്തിന് പരാതി നൽകിയെന്നും സംസ്ഥാന നേതൃത്വത്തിന് വ്യാഴാഴ്ച പരാതി നൽകുമെന്നും മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്തും പറഞ്ഞതോടെ ഗ്രൂപ്പ്‌ പോര്‌ മറനീക്കി. 

126 തസ്തികയിലേക്ക് മിൽമയിൽ നിയമനം നടക്കുകയാണ്. കളമശേരിയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സഹകരണ ബാങ്ക് ബോർഡ്‌ അംഗത്തിന്റെ ഭാര്യക്ക് ഓഫീസർ പദവിയിൽ നിയമനം ആവശ്യപ്പെട്ട് ജമാൽ മണക്കാടൻ തന്നെ സമീപിച്ചിരുന്നതായി ജോൺ തെരുവത്ത് പറഞ്ഞു. 2011ൽ തനിക്ക് പത്തോളം തസ്തികകൾ ലഭിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തവണ മൂന്ന് തസ്‌തികകളെങ്കിലും കിട്ടിയെ തീരൂ എന്ന നിലപാടിലായിരുന്നു മണക്കാടൻ.

മുമ്പ് മിൽമയിലെ നിയമനത്തിൽ അഴിമതി ആരോപണമുയർന്നതിനെ തുടർന്ന് എൽഡിഎഫ്‌ സർക്കാർ റിക്രൂട്ട്മെന്റ്‌ ബോർഡ് രൂപീകരിച്ചു. കൃഷിവകുപ്പ് ഡയറക്ടർ (ചെയർമാൻ), മിൽമ ഫെഡറേഷൻ എംഡി (കൺവീനർ) ഉൾപ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരും മിൽമയെ പ്രതിനിധാനം ചെയ്‌ത്‌ മൂന്നുപേരും ചേരുന്നതാണ് റിക്രൂട്ട്മെന്റ്‌ ബോർഡ്. ബാഹ്യ ഇടപെടൽ സാധ്യമല്ലാത്ത വിധത്തിലുള്ളതാണ് നിയമന നടപടികൾ. എന്നാൽ, ഇത് അംഗീകരിക്കാൻ മണക്കാടൻ തയ്യാറായില്ലെന്നും പോസ്റ്റ് അനുവദിച്ചില്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചെയർമാൻ പറഞ്ഞു.

എ ഗ്രൂപ്പുകാരനായ ചെയർമാനെതിരെ കെപിസിസി നിർവാഹക സമിതി അംഗത്തിന്റെ പടയൊരുക്കം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തർക്കം മൂർച്ഛിക്കുമെന്ന ആശങ്കയിലാണ്‌ നേതൃത്വം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top