21 November Thursday

അഭിമന്യുവധം:- സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കണം‐ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019


മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിലെ തെളിവായ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക്‌ നൽകണമെന്ന് ഹൈക്കോടതി. സിസിടിവി ദൃശ്യങ്ങൾ തൊണ്ടിമുതലല്ലെന്നും രേഖാപരമായ തെളിവുകളാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് വി രാജാ വിജയരാഘവന്റെ ഉത്തരവ്.

കേസ് തെളിയിക്കാനായി പ്രോസിക്യൂഷൻ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിനാൽ, പ്രതിഭാഗത്തിന് പകർപ്പ് ലഭിക്കാൻ അവസരമുണ്ടെന്ന്‌ കോടതി വിശദീകരിച്ചു. പകർപ്പ് നിഷേധിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ പതിനൊന്നാം പ്രതി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. കുറ്റം തെളിയിക്കാൻ ഇലക്‌ട്രോണിക്സ്, ഡിജിറ്റൽ തെളിവുകൾക്കുള്ള പങ്ക് വലുതാണ്. എന്നാൽ, തൊണ്ടിമുതലായ ആയുധങ്ങൾ, ഇരയോ പ്രതിയോ ഉപയോഗിച്ച വസ്ത്രങ്ങൾ തുടങ്ങിയവ പ്രതികൾക്ക് നൽകാൻ നിയമപരമായി കഴിയില്ല. ഉചിതമായ സുരക്ഷാ ഉപാധികൾ ചുമത്തി ദൃശ്യങ്ങളുടെ പകർപ്പ് ഹർജിക്കാരന് നൽകാനും നിർദേശിച്ചു. 2018 ജൂലായ്‌ രണ്ടിന്‌ വെളുപ്പിനെയാണ്‌ അഭിമന്യു കുത്തേറ്റ്‌ മരിച്ചത്‌.


പ്രധാന വാർത്തകൾ
 Top