13 November Wednesday

ഭൂപരിഷ്‌കരണനിയമം ക്വാറികൾക്ക്‌ ബാധകമെന്ന്‌ സുപ്രീംകോടതിയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019


ന്യൂഡൽഹി
ക്വാറികളെ ഭൂപരിഷ്‌കരണനിയമ പരിധിയിൽനിന്ന്‌ ഒഴിവാക്കാനാവില്ലെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച്‌ സുപ്രീംകോടതി. വാണിജ്യആവശ്യങ്ങൾക്കുള്ള ഭൂമിയായി കണക്കാക്കി 1963ലെ ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്നുള്ള ക്വാറി ഉടമകളുടെ ആവശ്യം ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ തള്ളി.

ക്വാറികളെ ഭൂപരിഷ്‌കരണനിയമപരിധിയിൽനിന്ന്‌ ഒഴിവാക്കാൻ പറ്റില്ലെന്ന്‌ കേരളാ ഹൈക്കോടതി ഫുൾബെഞ്ച്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തിൽ 2018 നവംബറിൽ ഉത്തരവിട്ടിരുന്നു. ഇത്‌ ചോദ്യംചെയ്‌തുള്ള അപ്പീലാണ്‌ ജസ്‌റ്റിസ്‌ ഹേമന്ത്‌ഗുപ്‌ത കൂടി അംഗമായ സുപ്രീംകോടതി ബെഞ്ച്‌ തീർപ്പാക്കിയത്‌. വാണിജ്യആവശ്യങ്ങൾക്കുള്ള സ്ഥലങ്ങളെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാമെന്നാണ്‌ നിയമം പറയുന്നതെന്ന്‌ ഹർജിക്കാർക്ക്‌ വേണ്ടി  മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ ചൂണ്ടിക്കാണിച്ചു. 

എന്നാൽ, സംസ്ഥാനസർക്കാരിന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പല്ലവ്‌സിസോദിയ ഈ വാദങ്ങളെ ശക്തമായി എതിർത്തു. ഹർജിക്കാരുടെ വാദങ്ങളോട്‌ യോജിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. അധിക ഭൂമി ഉള്ളവരിൽനിന്ന്‌ അത്‌ പിടിച്ചെടുത്ത്‌ ഭൂരഹിതർക്ക്‌ വിതരണം ചെയ്യുകയാണ്‌ ഭൂപരിഷ്‌കരണനിയമത്തിന്റെ പ്രധാനഉദ്ദേശം. ഏത്‌ ലക്ഷ്യത്തിന്‌ വേണ്ടിയാണ്‌ നിയമങ്ങൾ നിർമിക്കപ്പെടുന്നതെന്ന്‌ തിരിച്ചറിയേണ്ടത്‌ അത്യാവശ്യമാണ്‌.

മില്ലുകൾ, ഫാക്ടറികൾ, വർക്ക്‌ഷോപ്പുകൾ, സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും കൈവശം വയ്‌ക്കുന്ന ഭൂമി, ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം തുടങ്ങിയവ ‘വാണിജ്യ ആവശ്യങ്ങൾക്കുള്ള സ്ഥലം’ എന്ന നിർവചനത്തിൽ ഉൾപ്പെടും. എന്നാൽ ക്വാറികൾ പ്രവർത്തിക്കുന്ന വിശാലമായ സ്ഥലങ്ങൾ ഈ വകുപ്പിൽ ഉൾപ്പെടുന്നില്ല–-സുപ്രീംകോടതി കൂട്ടിച്ചേർത്തു.


പ്രധാന വാർത്തകൾ
 Top