കളമശേരി
കൊച്ചി സർവകലാശാലയിൽ ജിയോജിത് സ്‌പോൺസർ ചെയ്‌ത ‘ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ്' (ജിസിസിഒഎസ്എസ്) ചൊവ്വാഴ്ച വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ വലിയ വ്യവസായ–-അക്കാദമിക് പങ്കാളിത്തമായ സെന്റർ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ് തുടങ്ങുന്നത്. മികച്ച ഗവേഷണഫലങ്ങൾ, അക്കാദമിക് മികവ്, സാങ്കേതികമുന്നേറ്റം എന്നിവ സൃഷ്ടിക്കുകയും ഉന്നതനിലവാരമുള്ള ശാസ്ത്രജ്ഞരെയും സംരംഭകരെയും വാർത്തെടുക്കുകയും ചെയ്യുന്ന സ്വയംഭരണകേന്ദ്രമാകാനാണ് സെന്റർ ലക്ഷ്യമിടുന്നത്.
വിവിധ വിഷയങ്ങളിലുള്ള കുസാറ്റിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സർക്കാർ, കോർപറേറ്റ് തലങ്ങളിലെ നയരൂപീകരണത്തിന് സഹായിക്കുന്ന ഗവേഷണമാണ് ജിസിസിഒഎസ്എസിൽ നടക്കുക. ആഗോള സുസ്ഥിരവികസന ഭൂപടത്തിൽ കേരളത്തിന് നിർണായക സ്വാധീനമാകാൻ ഗവേഷണകേന്ദ്രം സഹായിക്കും. സാങ്കേതിക, ശാസ്ത്ര വകുപ്പുകളുടെ പിന്തുണയോടെ കാലാവസ്ഥാവ്യതിയാനം, സമ്പദ്‌വ്യവസ്ഥ, സുസ്ഥിര വിതരണശൃംഖല തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക കോഴ്സുകളും പഠനങ്ങളും ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകളും വികസിപ്പിക്കാനും നടപ്പാക്കാനും സെന്റർ ലക്ഷ്യമിടുന്നു.
കുസാറ്റ് സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..