22 October Tuesday

രണ്ടിലയില്ലാതെ നിഷ? നിഷയെ വീണ്ടും തള്ളി ജോസഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


സ്വന്തം ലേഖകൻ
പാലായിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ യുഡിഎഫ്‌ നേതൃത്വം നടത്തിയ അനുനയനീക്കവും പാളി. നിഷാ ജോസ്‌ കെ മാണിയെ രണ്ടില ചിഹ്നത്തിലല്ലാതെ മത്സരിപ്പിക്കാനുള്ള സാധ്യതയും നേതൃയോഗത്തിൽ ചർച്ചയായി.

പാലായിലെ വിജയസാധ്യത പി ജെ ജോസഫ്‌ അട്ടിമറിച്ചെന്ന്‌ നേതൃയോഗത്തിൽ ജോസ്‌ കെ മാണി വിഭാഗം നേതാക്കളായ സണ്ണി തെക്കേടം, റോഷി അഗസ്‌റ്റിൻ എംഎൽഎ എന്നിവർ തുറന്നടിച്ചു. ആദ്യം ഉപസമിതിയും പിന്നാലെ നേതൃയോഗവും ചേർന്നിട്ടും ഒന്നും തീരുമാനമായില്ല.

യോഗത്തിൽ സ്ഥാനാർഥി പാർടി അംഗമായിരിക്കണമെന്ന പുതിയ നിബന്ധന ജോസഫ്‌ വിഭാഗം പരസ്യമായി ഉന്നയിച്ചതോടെയാണ്‌ രണ്ടില ചിഹ്നത്തിലല്ലാതെ നിഷയെ മത്സരിപ്പിക്കുന്നതിലെ സാധ്യത പരിശോധിച്ചത്‌. ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമാകാതെ നിഷ നാമനിർദേശ പത്രിക സമർപ്പിച്ചാൽ ജോസഫ്‌ വിഭാഗവും പത്രിക നൽകിയേക്കും.തർക്കം തീരാതായതോടെ പാർടിതന്നെ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലെത്തി യോഗം പിരിഞ്ഞു.  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വി ഡി സതീശൻ എന്നിവരും പങ്കെടുത്തു. രണ്ടുദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന്‌ യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

നിഷയെ വീണ്ടും തള്ളി ജോസഫ്‌
പൊതുസ്വീകാര്യനായ സ്ഥാനാർഥിയാണ്‌ പാലായിൽ വരേണ്ടതെന്നും ജയസാധ്യതയാണ്‌ പ്രധാനപ്പെട്ട ഘടകമെന്നും ആവർത്തിച്ച്‌ പി ജെ ജോസഫ്‌. തൊടുപുഴയിൽ ജോസഫ്‌ വിഭാഗത്തിന്റെ നേതൃയോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിഷ ജോസ്‌ കെ മാണിക്ക്‌ പൊതുസ്വീകാര്യതയുണ്ടോ എന്ന ചോദ്യത്തോട്‌ ജോസഫ്‌ പ്രതികരിച്ചില്ല. ഒരാളുടെയും പേര്‌ പരാമർശിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. പൊതുസ്വീകാര്യനാണെങ്കിലേ ചിഹ്നം അനുവദിക്കൂ. ആര്‌ സ്ഥാനാർഥിയാകണമെന്നതു സംബന്ധിച്ച്‌ ഞങ്ങൾക്ക്‌ ചില അഭിപ്രായങ്ങളുണ്ട്‌. കോൺഗ്രസും പഠനങ്ങൾ നടത്തുന്നുണ്ട്‌. കൂടിയാലോചിച്ച്‌ തീരുമാനമെടുക്കും–- ജോസഫ്‌ പറഞ്ഞു.

നിഷയ്‌ക്ക്‌ പൊതുസ്വീകാര്യതയുണ്ടെന്ന്‌ പി ജെ ജോസഫ്‌ പറഞ്ഞിട്ടില്ലെന്ന്‌  കോട്ടയം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ പ്രതികരിച്ചു. പാർടി അംഗമല്ലാത്ത നിഷയ്‌ക്ക്‌ പാർടിസ്ഥാനാർഥിയായി മത്സരിക്കേണ്ട കാര്യമില്ല. അവർക്ക്‌ ചിഹ്നവും കൊടുക്കാനാകില്ല. അവരെക്കുറിച്ച്‌ ഈ സാഹചര്യത്തിൽ ചർച്ചചെയ്യേണ്ട കാര്യം ഞങ്ങൾക്കില്ല. ഏതെങ്കിലും സാഹചര്യത്തിൽ അവർ പൊതുസ്വീകാര്യയാണെന്ന് യുഡിഎഫിന്‌ ബോധ്യപ്പെട്ടാൽ അപ്പോൾ അതുസംബന്ധിച്ച്‌ പി ജെ ജോസഫ്‌ നയം വ്യക്തമാക്കും.– സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top