21 October Monday

മതരാഷ്ട്രത്തിനായി മൂല്യങ്ങൾ തകർക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


മതനിരപേക്ഷതയ്‌ക്കുപകരം ഏക മതാത്മക രാഷ്‌ട്രീയമാണ്‌  ചിലർ മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനായി രാജ്യത്തിന്റെ മൂല്യങ്ങളും പൗരസ്വാതന്ത്ര്യവും തകർക്കുകയാണ്‌. ദളിത്‌ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ മനുഷ്യാവകാശം ചവിട്ടിമെതിക്കുന്നു. നവോത്ഥാനത്തിന്റെ വെളിച്ചത്തെ ജാതി ജീർണതയുടെ അന്ധകാരം കൊണ്ട്‌ പകരം വയ്‌ക്കുകയാണ്‌. ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഫെഡറലിസവും മതനിരപേക്ഷതയും തങ്ങളുടെ രാജ്യത്തിന്‌ ചേർന്നതല്ലെന്ന്‌   ഭരണം കൈയാളുന്നവർ പരസ്യമായി പറയുന്നു. മതനിരപേക്ഷതയ്‌ക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ ഉൽക്കണ്ഠയുളവാക്കുന്നതാണ്‌.   പൗരാവകാശങ്ങൾ ദിവസം തോറും ഹനിക്കപ്പെടുന്നു. സ്വതന്ത്രമായ രാഷ്ട്രീയ പ്രവർത്തനംപോലും ചിലയിടങ്ങളിൽ നിയന്ത്രിക്കുന്നു. രാജ്യത്തിന്റെ മൂല്യങ്ങൾ അപകടപ്പെടുന്ന ഇത്തരം സാഹചര്യത്തിൽ നീതിന്യായ  വ്യവസ്ഥയുടെ നിലനിൽപ്പ്‌ അപകടത്തിലാണ്‌.  ഒരു രാഷ്‌ട്രീയ നേതാവ്‌ ജീവിച്ചിരിക്കുന്നോ  ഇല്ലയോ എന്നറിയാൻ ഹേബിയസ്‌  കോർപസ്‌  ഹർജി നൽകേണ്ട അവസ്ഥ രാജ്യത്തുണ്ടായി. ഭരണഘടനയുടെ ഒരു സുപ്രധാന വകുപ്പ്‌  ഭരണഘടനാ ഭേദഗതിയില്ലാതെതന്നെ റദ്ദാക്കി. 

ഒരു കാലത്ത്‌ സാമൂഹ്യ പ്രതിബദ്ധയുള്ളവരായിരുന്നു അഭിഭാഷകർ. ഇടയ്‌ക്ക്‌ ഈ ഗുണം കൈമോശം വന്നോ എന്ന്‌ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top